ന്യൂദല്‍ഹി: 15 വയസുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളില്‍ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി.
പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
മുഹമ്മദീയന്‍ നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം.
പതിനെട്ട് വയസ് തികയാത്തവരെ പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 14 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പോലും വിവാഹിതരാകുകയാണെന്ന് കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ ഹരജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സമാനമായ ഹൈക്കോടതി വിധികൾക്കെതിരായ ഹരജികളും സുപ്രീം കോടതി ഒന്നിച്ച് പരിഗണിക്കും.
മുസ് ലിം വ്യക്തിനിയമമനുസരിച്ച് 15 വയസാണ് ഒരു മുസ്‌ലിം സ്ത്രീയുടെ പ്രായപൂര്‍ത്തിയാകേണ്ട വയസെന്നും, അതിന് ശേഷം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം ഇത്തരമൊരു വിവാഹം അസാധുവാകില്ലെന്നും കോടതി നിരീക്ഷിച്ചു.