പൊതുജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Kerala News
പൊതുജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 1:59 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ-വികസനപ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന് ചിലര്‍ ചിന്തിക്കുന്നുവെന്നും കളങ്കമുണ്ടാക്കുന്നവരെ ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി.

‘പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ നീക്കം ഉണ്ടായാല്‍ വേണ്ട നടപടി എടുക്കാനും അത്ര ബുദ്ധിമുട്ടോ തടസമോ ഇല്ല. ഇത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസിലുള്ള ആളുകള്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്തായ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

അത് ആ ഒരു മേഖലയ്ക്ക് മാത്രം ബാധകമല്ല. നമ്മളിലര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാതെ വ്യക്തിപരമായ ലാഭേച്ഛയോടെ, സംസ്ഥാനത്തിന് ആകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടര്‍ന്നു ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനുണ്ടാവില്ല. അത് ഇത്തരത്തിലുള്ള അപൂര്‍വം ചിലര്‍ മനസിലാക്കുന്നത് നല്ലതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും സിവില്‍ സര്‍വീസിലുള്ള പുഴുക്കുത്തുകളായി മാത്രമെ അവരെ കണക്കാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പു വാര്‍ത്തകള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അഴിമതി നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നത് വെറും തെറ്റിദ്ധാരണയാണെന്നും തെറ്റായ ഇടപെടലുണ്ടായാല്‍ നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഭാവി കേരളത്തിന് എന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

സുസ്ഥിര വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, നവകേരള നഗര നയം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

content highlight: Don’t think you can live off the public’s money; Chief Minister warned the government employees