| Tuesday, 6th September 2022, 2:31 pm

'വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില തൊഴിലാളികളെ പഠിപ്പിക്കണ്ട'; ശുചീകരണ തൊഴിലാളികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാര്‍ക്കെതിരെ തിരുവനന്തപുരം മേയര്‍ എടുത്ത നടപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തിരുവനന്തപുരം ചാല സര്‍ക്കിളിലെ 11 ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം അവര്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് 7 സ്ഥിരം തൊഴിലാളികളെ സസ്‌പെന്റ് ചെയ്തതായും, താല്‍ക്കാലിക ജീവനക്കാരായ മറ്റുള്ളവരെ പിരിച്ചുവിട്ടതായും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നാണ് നടപടിയെടുത്തുകൊണ്ട് മേയര്‍ പറഞ്ഞത്.

അതേസമയം, മേയര്‍ നടപടിയെടുത്ത ശുചീകരണ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ഇടതുപക്ഷ അനുഭാവികളടക്കം രംഗത്തെത്തി.

‘താല്‍ക്കാലിക വരുമാന മാര്‍ഗമായിട്ടാണെങ്കിലും ക്ലീനിംഗ് ജോലികള്‍ക്ക് വരുന്നവര്‍ ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വിലയറിയാവുന്നവര്‍ തന്നെയായിരിക്കും. അവര്‍ ഭക്ഷണം കളഞ്ഞ് പ്രതിഷേധിക്കുന്നത്, കടുത്ത ആത്മരോഷത്തിന്റെ ഭാഗമോ അപക്വതയോ ആയി കാണേണ്ട കാര്യമേയുള്ളു.
അതിനവരുടെ ജോലി കളഞ്ഞ് ആ കുടുംബങ്ങളെ ശരിക്കും പട്ടിണിക്കിട്ട് ശിക്ഷിക്കേണ്ട കാര്യമുണ്ടോ? ഒരു താക്കീതില്‍ തീരേണ്ട കാര്യമല്ലേയുള്ളൂ. അവരെ ഇനിയും തിരിച്ചെടുക്കാവുന്നതേയുള്ളൂ. കോര്‍പ്പറേഷനും മേയറും തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. അതൊരു നല്ല ഓണ സന്ദേശവുമാവും. ആ കുടുംബങ്ങളുടെ ഓണത്തിന്റെ വെട്ടം കെടുത്തിയിട്ട് ആര്‍ക്കെന്ത് കിട്ടാനാണ്?’ എന്നാണ് ഡോക്ടര്‍ മനോജ് വെള്ളനാട് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘ഭക്ഷണം വലിച്ചെറിയരുത്’ എന്നതൊരു പൊതുബോധമാണ്. എല്ലാ പൊതുബോധങ്ങളും ഒരുപോലെ തള്ളിക്കളയപ്പെടേണ്ടവയല്ല; ഭക്ഷണത്തെ സംബന്ധിച്ചുള്ള കാഴ്ച്ചപ്പാടും. അതില്‍ അതിജീവന ചരിത്രത്തിന്റെയും പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും അംശങ്ങളുണ്ട്. വ്യക്തികള്‍ക്ക് ആവശ്യമുള്ളത്ര മാത്രം സിസ്റ്റത്തില്‍ നിന്ന് എടുക്കുക എന്നതാണ് ആ നിലപാടിന്റെ ആത്യന്തികരാഷ്ട്രീയം. ഒരു നൈതിക നിലപാട് എന്ന നിലയില്‍ വ്യക്തിജീവിതത്തില്‍ അത് പുലര്‍ത്താന്‍ നാം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. ഭക്ഷണം വേസ്റ്റാക്കുന്നത് ഒരു കുറ്റകൃത്യമായി ആധുനിക ഭരണകൂടങ്ങള്‍ കരുതാത്തതിന്റെ കാരണവും മറ്റൊന്നല്ല.
ഭക്ഷണം കളയുമ്പോള്‍ പട്ടിണി കിടക്കുന്നവരെ ഓര്‍ക്കാതെ പോയതെന്ത് എന്നൊരു കവിക്കോ മതപുരോഹിതനോ ചോദിക്കാം. ഒരു ജനാധിപത്യ ഭരണാധികാരി വിശിഷ്യാ മാര്‍ക്‌സിസ്റ്റ് പ്രതിനിധി ആ ചോദ്യമുന്നയിക്കുമ്പോള്‍ അത് അപഹാസ്യമായിത്തീരും.

പിരിച്ചുവിടപ്പെട്ട ശുചീകരണത്തൊഴിലാളികളെ നിരുപാധികമായി തിരിച്ചെടുക്കാനും അവര്‍ നേരിട്ട അഭിമാനക്ഷതത്തിന് ആനുപാതികമായി പരിഹാരം നല്‍കാനും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും പട്ടിണിയോളം പ്രധാനമാണ് ആത്മാഭിമാനവും’ എന്നാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപകനും ഇടതുപക്ഷ ചിന്തകനുമായ റഫീഖ് ഇബ്രാഹിം പറഞ്ഞത്.

സെറ്റ് സാരീം കരയിട്ട മുണ്ടും ഒക്കെയായി ഓഫീസ് ടൈമില്‍ ഓണാഘോഷം തകൃതിയായി നടക്കുമ്പോ വേസ്റ്റെടുക്കുന്ന താഴേക്കിടയിലുള്ള കുറച്ചു പേര്‍ മാലിന്യത്തില്‍ ഉരുണ്ട് അതില്‍ കുളിച്ച് വന്ന് അതേ നാറിയ വേഷത്തില്‍ ഇരുന്ന്, ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാല്‍ മതീന്ന് കരുതുന്നത് എത്ര റിഗ്രസീവാണ് എന്ന് ആദ്യം പറഞ്ഞ വിഭാഗത്തിന് ചിലപ്പോ മനസിലാവില്ല.
ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട് അത് കിട്ടാതിരിക്കുമ്പോ മനുഷ്യന്‍ പ്രതികരിക്കും. അതിനെ ഇങ്ങനെ അപമാനിക്കുമ്പോ ആ ഭക്ഷണം അവര്‍ക്ക് തൊണ്ടേന്നെറങ്ങില്ല.
വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് മാത്രമുള്ളതല്ല ആഘോഷങ്ങള്‍. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാന്‍ തക്കവണ്ണം നിങ്ങളാരും വളര്‍ന്നിട്ടില്ലെന്നാണ് സുനോജ് വര്‍ക്കി ശുചീകരണ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.

വേസ്റ്റ് എടുക്കുന്ന തൊഴില്‍ ഏതെങ്കിലും മനുഷ്യന്‍ ആഗ്രഹിച്ച് എത്തപ്പെട്ട പ്രൊഫഷന്‍ ആവാന്‍ സാധ്യതയില്ല… ആരെക്കാളും വിശപ്പിന്റെയും ആഹാരത്തിന്റെയും മൂല്യം അങ്ങനെയൊരു തൊഴിലാളിക്കറിയാതിരിക്കില്ല.
ആ മനുഷ്യര്‍, ഭക്ഷണം വേസ്റ്റില്‍ എറിഞ്ഞു പ്രതിഷേധിച്ചുവെങ്കില്‍ അത് ആത്മാഭിമാനത്തിന് മുറിവേറ്റത് കൊണ്ടാകണം.
തിന്നിട്ട് എല്ലിനിടയില്‍ കുത്തുന്നത് കൊണ്ടാകില്ല…
നടപടികള്‍ എടുക്കുമ്പോള്‍ ആ തൊഴിലാളികളുടെ പക്ഷം കൂടി കേള്‍ക്കേണ്ടെ എന്നാണ് അര്‍ജുന്‍ എം. ഹരിദാസ് പറഞ്ഞത്.

നമുക്ക് അവരോടൊപ്പം ഉയരാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ അവരെക്കാള്‍ താഴാതിരിക്കാനെങ്കിലും ശ്രമിച്ചുകൂടേ.. അതുകൊണ്ട് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുകയും സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്യുക എന്നതാണ് ഉടനടി സ്വീകരിക്കേണ്ട നടപടി.

പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റ് മേയര്‍ തൊഴിലാളികളെ പിരിച്ചു വിടുന്നു എന്നത് അങ്ങേയറ്റം നിരാശയുളവാക്കുന്നുണ്ട്. തുടങ്ങിയ പ്രതികരണങ്ങളുമായാണ് സമൂഹ മാധ്യമങ്ങളില്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആളുകള്‍ എത്തിയത്.

നേരത്തെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിലും, വടകര റസ്റ്റ്ഹൗസിലും മിന്നല്‍ പരിശോധന നടത്തിയ മന്ത്രി മുഹമ്മദ് റിയാസ് ജീവനക്കാരെ ശാസിച്ചതും വിവാദമായിരുന്നു. തൊഴിലാളികളോടുള്ള നടപടികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് കയ്യടി വാങ്ങുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ ഈ കാഴ്ച്ചപ്പാട് തിരുത്തേണ്ടത് തന്നെയാണ്.

Content Highlight: ‘Don’t teach workers the cost of hunger and food’; Social media in support of corporation workers

We use cookies to give you the best possible experience. Learn more