രഹസ്യമായിട്ട് പോലും വര്‍ഗീയത പറയരുത്, നമ്മുടെ നാട് അത്ര നശിച്ചിട്ടൊന്നുമില്ല: കബീര്‍ ബാഖവി
Kerala News
രഹസ്യമായിട്ട് പോലും വര്‍ഗീയത പറയരുത്, നമ്മുടെ നാട് അത്ര നശിച്ചിട്ടൊന്നുമില്ല: കബീര്‍ ബാഖവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 10:42 am

കോഴിക്കോട്: രഹസ്യമായിട്ട് പോലും വര്‍ഗീയത പറയരുതെന്നും വര്‍ഗീയത പറയുന്നവര്‍ ഏത് മതക്കാരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും മതപ്രഭാഷകന്‍ കബീര്‍ ബാഖവി കാഞ്ഞാര്‍. കഴിഞ്ഞ മാസം വടകരയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം നടത്തിയ ഈ പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വര്‍ഗീയതയെ ഒറ്റപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പങ്കുവെക്കുന്നത്.

നമ്മുടെ നാട് മനോഹരമാണെന്നും ഇന്ത്യ രാജ്യം അത്ര മോശം അവസ്ഥയിലായിട്ടില്ലെന്നും കബീര്‍ ബാഖവി തന്റെ പ്രഭാഷണത്തില്‍ പറയുന്നു. തന്റെ ജീവിത സാഹചര്യങ്ങളും താന്‍ വളര്‍ന്ന പശ്ചാത്തലവും വിശദീകരിച്ച് കൊണ്ടാണ് അദ്ദേഹം വര്‍ഗീയതയെയും വര്‍ഗീയത പറയുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞത്.

പ്രഭാഷണത്തിനടിയില്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ലഭിച്ച ഒരു കുറിപ്പ് വായിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്. പ്രഭാഷണത്തിനിടയില്‍ അദ്ദേഹം ചില കീര്‍ത്തനങ്ങള്‍ ചൊല്ലുകയും അതെല്ലാം താന്‍ പഠിച്ച വഴികളും പറഞ്ഞു.

കബീര്‍ ബാഖഫിയുെട വാക്കുകള്‍

‘നമ്മുടെ ഈ നാട് മനോഹരമാണ്. വര്‍ഗീയത ഇല്ലാത്ത നാടാണ്. വര്‍ഗീയത പറയുന്നവരെ ഒറ്റപ്പെടുത്തണം. രഹസ്യമായിട്ട് പോലും വര്‍ഗീയത പറയരുത്. മനുഷ്യനെ കുറിച്ച് മാത്രമേ സംസാരിക്കാവൂ. അവന്‍ ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, മുസ്‌ലിമാകട്ടെ സംസാരിക്കുന്നത് മനുഷ്യനെ കുറിച്ച് മാത്രമാകണം.

മനുഷ്യനെ നൊമ്പരപ്പെടുത്തുന്ന, അവന്റെ രക്തത്തെ ചിന്തുന്ന, ഒരമ്മയുടെ കണ്ണുനീര്‍ വീഴ്ത്തുന്ന, ഒരുമ്മയെ സങ്കടത്തിലാക്കുന്ന, ഒരമ്മച്ചിയെ വഴിയാധാരമാക്കുന്ന ഒന്നും നമ്മുടെ ജീവിതത്തിലുണ്ടാകരുത്. മരിക്കുന്നത് വരെ വര്‍ഗീയത പറയരുത്. അത് ഞാന്‍ ജീവിതത്തിലെടുത്ത ശപഥമാണ്. ഈ ഇന്ത്യ രാജ്യം അത്ര വലിയ നഷ്ടപ്പെട്ടൊരു രാജ്യമൊന്നുമല്ല. വര്‍ഗീയത പറയുന്ന ഒരു ന്യൂനപക്ഷമുണ്ടെങ്കില്‍ അവരെ നമ്മള്‍ ഒറ്റപ്പെടുത്തണം.

മരണം വരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരു മനുഷ്യനെ കാണാന്‍ ഞാന്‍ തയ്യാറല്ല. ഇടുക്കി ജില്ലയിലെ കാഞ്ഞാറാണ് എന്റെ വീട്. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തായിരുന്നു എന്റെയൊക്കെ ജീവിതം. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അവിടെയുള്ള ഓലിക്കല്‍ വീടെന്ന ക്രിസ്ത്യന്‍ തറവാട്ടിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിലാണ് ഞങ്ങള്‍ 30ാളം വരുന്ന മുസ്‌ലിം കുട്ടികള്‍ മഹാഭാരതം കണ്ടത്,’ കബീര്‍ ബാഖവി പറഞ്ഞു.

content highlights: Don’t talk about communalism even in secret, our country is not that ruined: kabeer baqafi kanjnjar