ന്യൂദല്‍ഹി: ദല്‍ഹിയില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കരുതെന്നും നീന്തിക്കളിക്കരുതെന്നുമുള്ള മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രളയത്തിന്റെ ഭീഷണി മാറിയിട്ടില്ലെന്നും ജലനിരപ്പ് ഏത് നിമിഷവും ഉയരാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
‘വെള്ളം നിറഞ്ഞ് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകള്‍ നീന്താന്‍ വരുന്നതും സെല്‍ഫിയെടുക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ദയവ് ചെയ്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്. അത് അപകടമുണ്ടാക്കും. പ്രളയത്തിന്റെ ഭീഷണിയൊന്നും മാറിയിട്ടില്ല. വെള്ളം ഏത് നേരത്തും ഉയരാം,’ അദ്ദേഹം പറഞ്ഞു.
യമുനയിലെ ജലനിരപ്പ് കുറഞ്ഞ് വരുന്നുണ്ടെന്നും ശക്തമായി മഴ പെയ്തില്ലെങ്കില്‍ ദല്‍ഹിയില്‍ സ്ഥിതിഗതികള്‍ വളരെപ്പെട്ടെന്ന് തന്നെ സാധാരണ നിലയിലെത്തുമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അടച്ചിട്ട രണ്ട് ജല ശുദ്ധീകരണ പ്ലാന്റുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ചന്ദ്രവാളിലെയും വസീറാബാദിലെയും ജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉണക്കി തുടങ്ങിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളും നാളെ മാത്രമേ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
അതേസമയം ദല്‍ഹിയിലെ അടിയന്തര സാഹചര്യത്തില്‍ പരസ്പരം ആരും കുറ്റപ്പെടുത്തരുതെന്നും മനുഷ്യര്‍ പരസ്പരം സഹായിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘ദല്‍ഹിയില്‍ ഇപ്പോഴുള്ള ഈ അടിയന്തര സാഹചര്യത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന രീതി എല്ലാവരും ഒഴിവാക്കേണ്ടതാണ്. മനുഷ്യര്‍ മനുഷ്യരെ സഹായിക്കേണ്ട സാഹചര്യമാണിത്. ഇപ്പോള്‍ മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല. ഇന്നലെ മുതല്‍ ബി.ജെ.പി എന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അവരെന്ത് ചെയ്താലും എനിക്ക് ഒരു പ്രശ്‌നവുമില്ല,’ അദ്ദേഹം പറഞ്ഞു.
യമുന നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജല ശുദ്ധീകരണ പ്ലാന്റുകളില്‍ ഒഖ്‌ല പ്ലാന്റ് വെള്ളിയാഴ്ച തുറന്നിരുന്നു. ഏതാനും ദിവസങ്ങളായി യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു. ഇന്ന് 10 മണിക്ക് യമുനയുടെ ജലനിരപ്പ് 207.48 മീറ്റര്‍ ആയിട്ടുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയുണ്ടായിരുന്ന 208.66 മീറ്ററില്‍ നിന്നും കുറവാണിത്. ജലനിരപ്പ് ക്രമാതീതമായി കുറയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
content highlights: Don’t take selfies from water bodies; Water levels can rise anytime: Kejriwal