| Thursday, 1st August 2019, 5:54 pm

'എന്നെ അതിലേക്ക് വലിച്ചിഴയ്ക്കരുത്'; കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വേണ്ടെന്ന് ആവര്‍ത്തിച്ച് പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ആശങ്കകളും ഒഴിയുന്നില്ല. രാഹുല്‍ ഗാന്ധിക്കു ശേഷം സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ഏറ്റവും സജീവമായി ഇപ്പോള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ തനിക്ക് ആ സ്ഥാനത്തോട് തീരെ താത്പര്യമില്ലെന്നാണ് പ്രിയങ്ക വീണ്ടും ആവര്‍ത്തിക്കുന്നത്.

ഇന്നു രാവിലെയാണ് ഇതു വീണ്ടും വ്യക്തമാക്കി പ്രിയങ്ക രംഗത്തെത്തിയത്. തന്റെ പേര് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് 20-ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കേണ്ടതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമായിരുന്നു ഇത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തിരുവനന്തപുരം എം.പി ശശി തരൂരും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞിരുന്നു. കൂടാതെ ഇന്നു രാവിലെ നടന്ന യോഗത്തില്‍ ജാര്‍ഖണ്ഡിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ്ങും പ്രിയങ്ക മുന്നോട്ടുവന്ന് പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് പ്രിയങ്ക തുറന്നടിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസാണ് യോഗത്തിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മൂന്ന് തവണ എം.പിയായ ഭക്തചരണ്‍ ദാസും പറഞ്ഞിരുന്നു. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്കയെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാഹുല്‍ നിര്‍ദ്ദേശിച്ചത്. യുവനേതൃത്വം വരട്ടെയെന്ന് പ്രിയങ്കയും നിര്‍ദേശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more