| Saturday, 20th July 2024, 1:53 pm

കന്‍വാര്‍ യാത്ര; ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ട; ജെ.ഡി.യുവിനും ആര്‍.എൽ.ഡിക്കും പിന്നാലെ ബി.ജെ.പിയോട് ഇടഞ്ഞ് എല്‍.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയ ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തെ വിമർശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ എൽ.ജെ.പി(ലോക് ജനശക്തി പാർട്ടി). ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് നേരത്തെ ജെ.ഡി.യുവും രാഷ്ട്രീയ ലോക്ദളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എൽ.ജെ.പിയുടെയും വിമർശനം.

ഹോട്ടലുടമകളോട്  അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്ന പൊലീസിന്റെ നിർദേശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രംഗത്തെത്തുകയായിരുന്നു. ജാതിയുടെയോ മതത്തിൻ്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു പസ്വാന്റെ പരാമർശം.

‘ഈ സമൂഹത്തിൽ രണ്ട് തരം ആളുകളാണ് ഉള്ളത്. സമ്പന്നരും ദരിദ്രരും. അതിൽ തന്നെ എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഈ രണ്ട് തരം ആളുകൾ തമ്മിലുള്ള വിടവ് നമുക്ക് നികത്തേണ്ടതുണ്ട്. ദളിതർ, പിന്നോക്കക്കാർ, മേൽജാതിക്കാർ, മുസ്‌ലിങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ സർക്കാരിൻ്റെയും ഉത്തരവാദിത്തമാണ്.

അവർക്ക് വേണ്ടി നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. ജാതിയുടെയോ മതത്തിൻ്റെയോ പേരിൽ ഇത്തരം വിഭജനം ഉണ്ടാകുമ്പോഴെല്ലാം ഞാൻ അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. വിദ്യാസമ്പന്നരായ ആളുകളെ ഇതൊക്കെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല,’ പസ്വാൻ പറഞ്ഞു.

തൻ്റെ സ്വന്തം സംസ്ഥാനമായ ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതീയമായ ഘടകങ്ങളാണ് ഉത്തരവാദിയെന്ന് പസ്വാൻ പറഞ്ഞു. ജാതീയതയും വർഗീയതയും ഏറ്റവും കൂടുതൽ ദോഷം ചെയ്തത് ബീഹാറിനെയാണെന്നും ഇക്കാര്യങ്ങളിൽ വിശ്വാസമില്ലാത്തതിനാൽ തന്നെ, തനിക്ക് ഇതിനെക്കുറിച്ച്‌ പരസ്യമായി സംസാരിക്കാൻ ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ തീരുമാനത്തിനെതിരെ ജെ.ഡി.യു, ആർ.എൽ.ഡി എന്നീ രണ്ടു സഖ്യകക്ഷികളും  രംഗത്തെത്തിയിരുന്നു . യു.പിയിൽ പൊലീസ് ഏർപ്പെടുത്തിയ ഈ വിലക്കുകൾ പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നിവയുടെ ലംഘനമാണെന്നും ഉത്തരവ് പുനഃപരിശോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നുമായിരുന്നു ജെ.ഡി.യു പ്രതികരിച്ചത്. രഷ്ട്രീയത്തിൽ മതവും ജാതിയും കൂട്ടികലർത്തുന്നത് ശരിയല്ലെന്നായിരുന്നു ആർ.എൽ.ഡി ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞത്.

Content Highlight: Don’t support any divide on caste or religion:L.J.P

We use cookies to give you the best possible experience. Learn more