| Tuesday, 17th September 2019, 7:43 pm

'അധികം ഇന്ത്യക്കാര്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ എറിയുന്നത് കാണാനാവില്ല'; യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് അഭിനന്ദനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: യുവ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്ദീപ് സെയ്‌നിക്ക് അഭിനന്ദനവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. സെയ്‌നി അംഗീകരിക്കപ്പെടുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും ഒരുപാട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നതു കാണാന്‍ സാധിക്കില്ലെന്നും ക്ലൂസ്‌നര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് കോച്ചാണ് ക്ലൂസ്‌നര്‍. കഴിഞ്ഞ സീസണില്‍ ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്ലൂസ്‌നര്‍ക്ക് ദല്‍ഹിക്കാരനായ സെയ്‌നിയെ മുന്‍പരിചയമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലായിരുന്നു സെയ്‌നിയുടെ അരങ്ങേറ്റം.

വളരെ മനോഹരമായ ആക്ഷനാണ് സെയ്‌നിയുടേതെന്നു പറഞ്ഞ ക്ലൂസ്‌നര്‍, അദ്ദേഹം മികച്ച രീതിയില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനുള്ള ആഗ്രഹം അറിയാനാകുമെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.

ഫ്‌ളോറിഡയില്‍ വിന്‍ഡീസിനെതിരെ നടന്ന തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നേടിയ സെയ്‌നിക്ക് അഭിനന്ദന പ്രവാഹവുമായി മുതിര്‍ന്ന താരങ്ങള്‍ എത്തിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെ 95 റണ്‍സിലേക്ക് ഒതുക്കിയ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയത് ഈ വലംകൈയന്‍ പേസറായിരുന്നു.

ആദ്യ ട്വന്റി20 മത്സരത്തില്‍ രണ്ട് വിക്കറ്റോ അതിലധികമോ നേടുന്ന രണ്ടാമത്തെ ബൗളറാണ് സെയ്നി. നേരത്തേ ഇടംകൈയന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജ 2009-ല്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മറ്റൊരു റെക്കോഡും സ്വന്തമാക്കിയാണ് ഫ്ളോറിഡയിലെ കളിക്കളത്തില്‍ നിന്നു സെയ്നി പവലിയനിലേക്കെത്തിയത്. ആദ്യമായി ഒരു ട്വന്റി20 മത്സരത്തിലെ അവസാന ഓവര്‍ മെയ്ഡന്‍ എറിയുന്ന മൂന്നാമത്തെയാളും ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.

സെയ്നിയെ വളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്നത്തെ ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറാണ്.

ആറുവര്‍ഷം മുന്‍പ് ലെതര്‍ ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത സെയ്നി ഹരിയാനയില്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. 200 രൂപയായിരുന്നു ഓരോ മത്സരങ്ങള്‍ക്ക് സെയ്നിക്കു ലഭിച്ചിരുന്നത്.

അന്ന് 150 കിലോമീറ്ററില്‍ അനായാസമായി പന്തെറിഞ്ഞിരുന്ന സെയ്നിയെ ദല്‍ഹി രഞ്ജി ടീമിന്റെ നെറ്റ് സെഷനുകളിലേക്കു വിളിക്കുകയായിരുന്നു. അവിടെ വെച്ചാണ് ദല്‍ഹി ടീമിലുണ്ടായിരുന്ന ഗംഭീറിന്റെ കണ്ണില്‍ സെയ്നി പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന് സെയ്നിക്ക് ബൂട്ട് വാങ്ങി നല്‍കിയ ഗംഭീര്‍, സെയ്നിയോട് നെറ്റ്സില്‍ സ്ഥിരം വരണമെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹി ടീമില്‍ സെയ്നിയെ ഉള്‍പ്പെടുത്തണമെന്ന ഗംഭീറിന്റെ പിടിവാശിയെത്തുടര്‍ന്ന് സെയ്നി ടീമിലെത്തി.

2013-14 സീസണിലാണ് സെയ്നി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അവിടെനിന്നു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ പേസര്‍ക്ക്.

സെയ്നിയുടെ ഇന്നത്തെ പ്രകടനത്തിനു ശേഷം വന്ന ആദ്യ പ്രതികരണവും ഗംഭീറിന്റേതായിരുന്നു. സെയ്നിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ഈ സീസണില്‍ ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് സെയ്നിയുടെ സ്ഥാനം. 11 വിക്കറ്റ് നേടിയ സെയ്നി, ഐ.പി.എല്ലിനു ശേഷം പറഞ്ഞത് തനിക്കൊരു ബ്രേക്ക്ത്രൂ വേണമെന്നായിരുന്നു. അതാണിപ്പോള്‍ ഇന്ത്യന്‍ ടീം പ്രവേശത്തിലൂടെ ലഭിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more