| Saturday, 7th January 2023, 12:29 pm

ഇനി ഗോളടിക്കരുത് പ്ലീസ്; ലോകകപ്പിനിടയിൽ പോളണ്ട് താരത്തിന്റെ അഭ്യർത്ഥന വെളിപ്പെടുത്തി അർജന്റൈൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷനിലെ കിരീട ജേതാക്കളാണ് അർജന്റീന. ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം നീണ്ട 36കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം നേടിയ ടീമിന് വൻ വരവേൽപ്പാണ് ബ്യൂണസ് ഐറിസിൽ ലഭിച്ചത്. ടീമിനെ വരവേൽക്കാനായി തടിച്ചുകൂടിയ ആരാധക കൂട്ടം ചാന്റുകൾ പാടിയും നൃത്തം ചെയ്തും അർജന്റീനയുടെ വിജയം ആഘോഷിച്ചു.

എന്നാലിപ്പോൾ ലോകകപ്പ് മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് അർജന്റീനയുടെ പ്രതിരോധ നിര താരം നിക്കോളാസ് ടഗ്ലിയാഫിക്കോ.

പോളണ്ടിനെതിരെയുള്ള മത്സരത്തിലാണ് സംഭവം നടന്നതെന്നാണ് നിക്കോളാസ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത തന്റെ വീഡിയോയിൽ പറയുന്നത്. അർജന്റീനയും പോളണ്ടും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരം 67മിനിട്ടുകൾ പിന്നിടുമ്പോൾ ജൂലിയൻ അൽവാരസ് അർജന്റീനയുടെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയിരുന്നു. ഇതിന് പിന്നാലെ പോളണ്ട് ടീമിലെ ഒരു താരം തന്റെ സമീപത്തേക്ക് ഓടിയെത്തുകയും ഇങ്ങനെ ആക്രമിക്കരുത് എന്ന് എങ്ങനെയാണ് സ്പാനിഷിൽ പറയുക എന്ന് തന്നോട് ചോദിക്കുകയും ചെയ്തെന്നാണ് നിക്കോളാസ് ടഗ്ലിയാഫിക്കോ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇനിയും ആക്രമിച്ച് ഗോൾ അടിക്കരുതെന്നാണ് താരം ഉദ്ദേശിച്ചതെന്നും, ഇനിയും ഗോൾ അടിക്കരുതെന്ന ഭാവത്തിലാണ് പോളിഷ് താരം തന്റെ സമീപത്തേക്ക് എത്തിയതെന്നും നിക്കോളാസ് വീഡിയോയിൽ പറയുന്നുണ്ട്.

മത്സരം രണ്ട് ഗോളിന് അർജന്റീന ജയിച്ചിരുന്നു.പോളണ്ടിനെതിരെയുള്ള മത്സരം ജയിച്ചതോടെയാണ് അർജന്റീനയുടെ പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമായത്.

പോളണ്ടിനെതിരായ മത്സരത്തിൽ അർജന്റീനയുടെ വിജയം തീർത്തും ആധികാരികമായിരുന്നു. പോളണ്ടിന് ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ കഴിയാതിരുന്ന മത്സരത്തിൽ അർജന്റീനയുടെ ഇരുപത്തിമൂന്നു ഷോട്ടുകളിൽ പന്ത്രണ്ടെണ്ണവും ഓൺ ടാർഗറ്റ് ആയിരുന്നു. എന്നാൽ മത്സരത്തിൽ ലഭിച്ച പെനാൽട്ടി കിക്ക് ഗോൾ ആക്കാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല.

മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പോളണ്ട് പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. പ്രീ ക്വാർട്ടറിൽ ഫ്രാൻസാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ചത്.

Content Highlights: Don’t score anymore please; The Argentinian player revealed the Polish player’s request during the World Cup

We use cookies to give you the best possible experience. Learn more