|

ക്ഷേത്രോത്സവ ക്ഷണക്കത്തുകളിൽ ജാതിപ്പേര് ചേർക്കരുത്: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: ക്ഷേത്രോത്സവ ക്ഷണക്കത്തുകളിൽ ജാതിപ്പേര് ചേർക്കരുത്തുതെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രോത്സവ ക്ഷണക്കത്തിൽ പ്രത്യേക പ്രബല ജാതികളുടെ പേരുകൾ പരാമർശിക്കുന്നതും പട്ടികജാതിക്കാരെ ‘ഊരർ’ എന്ന് വിളിക്കുന്നതും അനാചാരമാണെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചു. ക്ഷേത്രാഘോഷങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാ ഹിന്ദുമത വിശ്വാസികളെയും ഉൾപ്പെടുത്തി ആഘോഷിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എം.എസ്. രമേശ്, എ.ഡി. മരിയ ക്ലീറ്റ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ക്ഷേത്രോത്സവങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും ഹിന്ദുമതത്തിൽപ്പെട്ട എല്ലാവരെയും ഒരുപോലെകാണുന്നതിനും ആഘോഷിക്കുന്നതിനും ഉള്ളതാവണം എന്ന് ഞങ്ങൾ കരുതുന്നു. പട്ടികജാതി വ്യക്തികളെ മാറ്റി നിർത്താൻ പാടില്ല,’ കോടതി നിരീക്ഷിച്ചു.

ക്ഷേത്രോത്സവത്തിന് പണം സംഭാവന ചെയ്തില്ല എന്ന കാരണത്താൽ ഒരു പട്ടികജാതി വിഭാഗത്തെ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തിൽ നിന്ന് ഒഴിവാക്കിയതിനെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമർശിച്ചു. ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഇനിയുള്ള ക്ഷണക്കത്തുകളിൽ ഒരു ജാതിയുടെയും പേരുകൾ പരാമർശിക്കരുതെന്ന് കോടതി അധികാരികളോട് ഉത്തരവിട്ടു.

തഞ്ചാവൂരിലെ പട്ടുകോട്ടൈ നദിയമ്മൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ക്ഷണക്കത്തിൽ ‘ഊരാറുകൾ’ (ഗ്രാമവാസികളെ പരാമർശിക്കുന്നത്) എന്നതിന് പകരം ‘ആദി ദ്രാവിഡർ’ എന്ന് അച്ചടിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടുവിക്കോട്ടൈ ആദി ദ്രാവിഡർ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. സെൽവരാജ് സമർപ്പിച്ച ഹരജിയിലാണ് മധുര ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ വിവിധ സ്പോൺസർമാരുടെ പേരുകളും അവരുടെ ജാതിപ്പേരുകളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആദി ദ്രാവിഡർ സമൂഹത്തെ പരാമർശിക്കുന്നത് മനപ്പൂർവ്വം ഒഴിവാക്കി. പകരം അവരെ ‘ഊരർ’ എന്ന് പരാമർശിച്ചു, അവർ പണപരമായ സംഭാവനകൾ നൽകിയിട്ടില്ല. അതിനാലാണ് പേരുകൾ വെക്കാതിരുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെ ശക്തമായി വിമർശിക്കുന്ന വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ച്, ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക-മതപരമായ ആചാരങ്ങളിൽ പങ്കാളികളാകുന്നതിൽ നിന്നും പരമ്പരാഗതമായി ദളിത് സമൂഹങ്ങളെ ഒഴിവാക്കിയിരുന്നുവെന്ന് ജഡ്ജി മരിയ ക്ലീറ്റ് പറഞ്ഞു. ക്ഷേത്രം വൃത്തിയാക്കൽ, അലങ്കാരം, ദാനം ചെയ്ത ആടുകളുടെ തോലുരിക്കൽ, തല മൊട്ടയടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പലപ്പോഴും അവരെ നിയോഗിച്ചിട്ടുള്ളതെന്നും കോടതി കൂട്ടിച്ചേർത്തു.

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ നേരിടുമ്പോൾ കോടതികൾ ഇടപെടണമെന്ന സുപ്രീം കോടതിയുടെ കൽപ്പന ഉദ്ധരിച്ച് കൊണ്ട് സാമ്പത്തിക സംഭാവനകളുടെ അടിസ്ഥാനത്തിൽ മാത്രം ക്ഷേത്ര ക്ഷണക്കത്തിൽ പ്രത്യേക ജാതി പേരുകൾ പട്ടികപ്പെടുത്തുന്ന രീതി അനാവശ്യമാണെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.

Content Highlight: Don’t put caste names in temple festival invites: Madras High Court