| Saturday, 4th January 2025, 9:10 am

പരിസ്ഥിതി സംരക്ഷണ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്; അധികൃതരോട് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്.

വികസനത്തിന്റെ പേരില്‍ ജില്ലയിലെ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും ജലാശയങ്ങള്‍ മണ്ണിട്ട് നികത്തുന്നതും ഖനനം നടത്തുന്നതും വര്‍ധിച്ച് വരികയാണെന്നും എന്നാല്‍ ഇവയെല്ലാം ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും യോഗം വിലയിരുത്തി.

ഇത്തരം സാഹചര്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഉയരുന്ന ജനകീയ സമരങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ എടുക്കണമെന്നും ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പുഴകളും ക്വാറികളുമെല്ലാം ഉപയോഗിക്കുമ്പോള്‍ അപകട സാധ്യതകള്‍ പരിശോധിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം മാത്രമെ ബന്ധപ്പെട്ട അധികാരികള്‍ അനുമതി നല്‍കാന്‍ പാടുള്ളൂ.

ഇതിന് പുറമെ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യോഗം വിലയിരുത്തി.

പി. സുരേഷ്ബാബു അധ്യക്ഷനായ യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. പി.വസന്തം, ടി.വി ബാലന്‍, സത്യന്‍ മൊകേരി, ഇ.കെ. വിജയന്‍ എം.എല്‍.എ, ടി. കെ രാജന്‍, അഡ്വ. പി. ഗവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: Don’t pretend you don’t see environmental protest’s; CPI to the authorities

We use cookies to give you the best possible experience. Learn more