സദാചാര പൊലീസ് കളിക്കേണ്ട, പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാനാർക്കും അവകാശമില്ല: തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി
national news
സദാചാര പൊലീസ് കളിക്കേണ്ട, പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാനാർക്കും അവകാശമില്ല: തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 12:43 pm

ചെന്നൈ: അണ്ണാ സർവ്വകലാശാലയിലെ ബലാത്സംഗ കേസിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഒപ്പം സർക്കാരിനോട് കേസുമായി ബന്ധപ്പെട്ട് വിശദീകരണവും തേടിയിട്ടുണ്ട് കോടതി. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉച്ചയ്ക്ക് ഇതുമായി ബന്ധപ്പെട്ട മറുപടി കോടതിക്ക് നൽകണം.

കഴിഞ്ഞ ദിവസം വാദം കേൾക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്.ഐ.ആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.

ക്യാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണം എന്നും കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്പസിൽ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം എന്നും കോടതി ചോദിച്ചു.

സദാചാര പൊലീസ് കളിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണ്. ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി വാദം കേൾക്കലിനിടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഡിസംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്യാമ്പസിൽ പുരുഷ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി വരികയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ പ്രതി ജ്ഞാനശേഖരൻ അതിക്രൂരമായി ലൈംഗീകമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

 

Content Highlight: Don’t play morality police, no one has right to speak ill of girl: Madras HC criticizes Tamil Nadu government