മുംബൈ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്ത് വിവാദമാകുകയാണ്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.
”നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന്‍ ആയിരുന്നു. ആഷാഡ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.
ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.
ഒരു വശത്ത് സര്‍ക്കാര്‍ ബാറുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിച്ചപ്പോള്‍ മറുവശത്ത് ദേവീദേവന്മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇതില്‍ അപലപിക്കുന്നു എന്നുമായിരുന്നു കോഷ്യാരി കത്തില്‍ പറഞ്ഞത്.
ദല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നെന്നും എന്നാല്‍ ഇവിടെയൊന്നും കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തി.
‘എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.’ എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്. ഒരു ബി.ജെ.പി അംഗം എന്ന നിലയിലാണോ അദ്ദേഹം ഈ കത്ത് തയ്യാറാക്കിയത് എന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചത്.