|

ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് ഒരിക്കലും മിസ്സ് ചെയ്യരുത്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസാകുന്നത്.

വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ്.

സിനിമ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ പത്ത് മിനിറ്റ് ഒരിക്കലും മിസ്സ് ചെയ്യരുതെന്നും അതിന് വേണ്ടിയാണ് താന്‍ അടക്കമുള്ള വലിയ ക്രൂ ഒരു വര്‍ഷകാലം പണിയെടുത്തതെന്നുമാണ് ലോകേഷ് പറയുന്നത്.

‘പ്രേക്ഷകരോട് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്. ആ പത്ത് മിനിറ്റിന് വേണ്ടിയാണ് വലിയൊരു ക്രൂ ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടത്. സിനിമ പൂര്‍ത്തിയാക്കാന്‍ ഒരുപാട് കഷ്ടപ്പാട് ഉണ്ടായിരുന്നു, പക്ഷെ ഈ ആദ്യത്തെ പത്ത് മിനിറ്റിന് വേണ്ടിയാണ് ഏറെ ഞങ്ങള്‍ അധ്വാനിച്ചത്,’ ലോകേഷ് പറയുന്നു.

സിനിമയുടെ ആദ്യത്തെ പത്ത് മിനിട്ട് ഉറപ്പായും പ്രേക്ഷകര്‍ക്ക് വിരുന്ന് തന്നെ ആകുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഗോബിനാഥ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.


സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Don’t miss the first 10 minutes of leo movie says lokesh kanakaraj

Video Stories