Kerala News
ഇനിയും കേന്ദ്രത്തിന് മുന്നില്‍ മുട്ടിലിഴയരുത്; അധികാരമുണ്ടെങ്കില്‍ ഉത്തരവിട്ട് കേരളത്തെ സഹായിക്കുക: ഹൈക്കോടതി ഉത്തരവില്‍ കെ. അനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 08, 08:24 am
Saturday, 8th February 2025, 1:54 pm

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസത്തില്‍ കേന്ദ്രസഹായത്തിന് കാത്തിരിക്കാതെ സംസ്ഥാനം നടപടി തുടങ്ങണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാര്‍. അധികാരമില്ലാത്ത പണിക്ക് കോടതി ഇറങ്ങി തിരിക്കരുതായിരുന്നുവെന്ന് കെ.  അനില്‍കുമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ വകവെക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാരിനോട് നടപടി തുടങ്ങണമെന്ന ഹൈക്കോടതി നിലപാടിനെതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

കേന്ദ്രത്തിനോട് ഉത്തരവിടാനില്ലാത്ത അധികാരം സംസ്ഥാന സര്‍ക്കാരിനോട് പറയാനുണ്ടോയെന്നും രണ്ട് സര്‍ക്കാരുകള്‍ക്കും ഒരേ ഭരണഘടനാ പദവിയാണെന്നും സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് കോടതി പ്രത്യേക നിര്‍ദേശം നല്‍കുകയെന്നും അനില്‍ കുമാര്‍ ചോദിച്ചു.

രണ്ട് സര്‍ക്കാരിനും ഒരേ ഭരണഘടനാ പദവി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതെങ്ങനെയാണെന്നും ഹൈക്കോടതി വിവേചനം കാട്ടാന്‍ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുണ്ടക്കൈ ചൂര്‍ല്‍മല വിഷയത്തില്‍ ഉടന്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തുവെന്നും നാല്പതിലേറെ സിറ്റിങ്ങുകള്‍ എന്നടക്കം മാധ്യമങ്ങള്‍ മത്സരിച്ച് വാര്‍ത്തയാക്കിയിരുന്നുവെന്നും  മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകളുണ്ടാക്കി ആഘോഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ഹൈക്കോടതിയോട് കേന്ദ്രസര്‍ക്കാര്‍ ഒരു തവണയെങ്കിലും പോസിറ്റീവായി പ്രതികരിച്ചോയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ വിധി പറയാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നിരിക്കെ ഹൈക്കോടതി പ്ലേറ്റ് മാറ്റിയതാണോയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സഹായം കിട്ടാന്‍ കാത്തിരിക്കാതെ സംസ്ഥാനം നടപടി തുടങ്ങണമെന്ന് പറയാന്‍ ഹൈക്കോടതിക്ക് എന്തധികാരമാണെന്നും പിണറായി സര്‍ക്കാര്‍ പ്രളയം, കൊവിഡ്, നിപ്പ, ഓഖി ദുരന്തങ്ങള്‍ കൈകാര്യം ചെയ്തത് കോടതി പറഞ്ഞിട്ടാണോയെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സഹായത്തിനായി കാത്തിരിക്കുന്ന സര്‍ക്കാരാണോ പിണറായിയുടേത്. പ്രളയ സഹായം നല്‍കാതെ തന്നെ കേരളം പുനര്‍നിര്‍മ്മാണത്തിനിറങ്ങിയതു മറന്നോ? കോടതി ചോദിക്കുന്ന ഏതു ചോദ്യത്തിനും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി മാന്യമായി പ്രതികരിക്കുന്നു. എന്നാല്‍ അതിനിടയില്‍ വ്യാജ പ്രതീതി കള്ള വാര്‍ത്തകളിലൂടെ നിര്‍മിക്കുന്നു,’ കെ. അനില്‍കുമാര്‍ പറഞ്ഞു.

എവിടെയാണ് കേരളം കാത്തിരുന്നതെന്നും പുനരധിവാസത്തിനും ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച കേസ് ഹൈക്കോടതി തീര്‍പ്പാക്കുന്നതു വരെ കാത്തിരുന്നത് തെറ്റാണോയെന്നും വേറെന്തു വഴിയെന്നും അദ്ദേഹം ചോദിച്ചു.

സ്വമേധയാ എടുത്ത കേസില്‍ ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതുന്ന നില കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് കോടതിയെ വില വക്കാതെ വന്നത് മറക്കേണ്ടയെന്നും അതിനാല്‍ ഇനിയും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മുട്ടിലിഴയരുതെന്നും അധികാരമുണ്ടെങ്കില്‍ ഉത്തരവിട്ട് കേരളത്തെ സഹായിക്കുകയെന്നും കെ. അനില്‍കുമാര്‍ പറഞ്ഞു.

ഇല്ലെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തലക്കെട്ട് നിര്‍മിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കണമെന്നും കേരളാ ബഡ്ജറ്റില്‍ വയനാടിന് 750 കോടി നീക്കിവച്ചത് ഒരു ‘ കോടതി ഉത്തരവും ‘ ഉണ്ടായിട്ടല്ലെന്നും, അധികാരമുള്ളിടത്ത് ഇടപെടുക
അമിക്കസ് ക്യൂറിമാര്‍ രാജ്യം ഭരിക്കുന്ന നിലപാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Don’t kneel before the central government yet; If you have power, help Kerala by ordering: High Court order K. Anil Kumar