'ഇത് ഭയങ്കര ശല്യമാണ്'; ബില്‍ക്കിസ് ബാനുവിന്റെ ഹരജിയില്‍ സുപ്രീംകോടതി
national news
'ഇത് ഭയങ്കര ശല്യമാണ്'; ബില്‍ക്കിസ് ബാനുവിന്റെ ഹരജിയില്‍ സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 2:08 pm

ന്യൂദല്‍ഹി: കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ബില്‍ക്കിസ് ബാനു നല്‍കിയ ഹരജിയില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി.

ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറിയതിനെത്തുടര്‍ന്ന് പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന ബില്‍ക്കിസിന്റെ ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസ് രൂക്ഷമായി പ്രതികരിച്ചത്.

‘ഹരജി ലിസ്റ്റ് ചെയ്യും, ഒരേകാര്യം തന്നെ വീണ്ടും വീണ്ടും പറയരുത്. ഇത് ഭയങ്കര ശല്യമാണ്,’ എന്ന് ഹരജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ബില്‍ക്കിസ് ബാനു നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ബേല എം. ത്രിവേദി കഴിഞ്ഞ ദിവസമാണ് പിന്മാറിയത്. ബലാത്സംഗ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹരജിയില്‍ ചോദ്യം ചെയ്യുന്നത്.

ജസ്റ്റിസ് അജയ് രസ്‌തോഗിയും ജസ്റ്റിസ് ബേല എം. ത്രിവേദിയും അംഗമായ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ഹരജി പരിഗണനയ്‌ക്കെത്തിയപ്പോള്‍ തങ്ങളിലൊരാള്‍ അംഗമല്ലാത്ത ബെഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് അജയ് രസ്‌തോഗി നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയും അറിയിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള കാരണം ബേല എം. ത്രിവേദി വ്യക്തമാക്കിയിട്ടില്ല.

ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ത്രിവേദി 2004 മുതല്‍ 2006 വരെ ഗുജറാത്ത് സര്‍ക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതോടെ ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ട്. ഈ ആവശ്യവുമായി ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരെ സമീപിക്കുകയായിരുന്നു.

ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊല്ലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. കുറ്റവാളികളെ വെറുതെവിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരു

ന്നു പ്രതികള്‍ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് വെറുതെവിട്ട പ്രതികള്‍ ‘ബ്രാഹ്മണരാണെന്നും നല്ല സംസ്‌കാരത്തിന് ഉടമകളാണെന്നുമുള്ള ബി.ജെ.പി നേതാവ് ചന്ദ്രസിന്‍ഹ് റൗള്‍ജിയുടെ പരാമര്‍ശവും വിവാദമായിരുന്നു.

‘അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അവര്‍ ബ്രാഹ്മണരാണ്, ബ്രാഹ്മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്,’ എന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ റൗള്‍ജി പറഞ്ഞത്.

കേസിലെ കുറ്റവാളികളെ മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നും, ശിക്ഷിക്കപ്പെട്ട എല്ലാവരെയും നല്ല പെരുമാറ്റത്തിന്റെ പേരിലാണ് വിട്ടയച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു.

അഹമ്മദാബാദിലാണ് ബില്‍ക്കിസ് ബാനു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാല്‍ സാക്ഷികളെ ഉപദ്രവിക്കുന്നുവെന്നും, സി.ബി.ഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്, 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008 ജനുവരി 21ന് പ്രത്യേക സി.ബി.ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.

എന്നാല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ തന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കുറ്റവാളികളെല്ലാം ഓഗസ്റ്റ് 15ന് ജയില്‍ മോചിതരാവുകയായിരുന്നു.

Content Highlight: “Don’t Keep Mentioning, It is very irritating”: Chief Justice On A Plea In Bilkis Bano Case