| Friday, 24th July 2020, 10:30 am

റിസോര്‍ട്ടിലിരുന്ന് സിനിമാ കണ്ടാല്‍ മാത്രം പോരാ,സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടി നോക്കണം; കോണ്‍ഗ്രസിനെ വിടാതെ ഗജേന്ദ്ര സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയിക്കിടെ കോണ്‍ഗ്രസിനെ വിടാതെ ആക്രമിച്ച് കേന്ദ്രമന്ത്രി
ഗജേന്ദ്ര സിംഗ് ശെഖാവത്ത്. നേരത്തെ ഗാന്ധി കുടുംബത്തിനെ വിമര്‍ശിച്ചെത്തിയ സിംഗ് ഇത്തവണ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണ് ഉന്നമിട്ടിരിക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ എതിരാളികളുടെ ക്യാമ്പില്‍ നിന്ന് ഓഫറുകള്‍ തടയുന്നതിനായി എം.എല്‍.എമാരെ ഒളിപ്പിച്ച ഹോട്ടലില്‍ ഇരുന്ന് സിനിമ മാത്രം കണ്ടാല്‍ പോരാ എന്നാണ് ഗെലോട്ടിനെ പരിഹസിച്ച് സിംഗ് പറഞ്ഞത്. സിനിമകള്‍ കാണുന്നതിനൊപ്പം മത പ്രഭാഷവും കാണുകയും സംസ്ഥാനത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണമെന്നും സിംഗ് പറയുന്നു.

‘മിസ്റ്റര്‍ ഗെലോട്ടിനോടുള്ള എന്റെ എളിയ അഭ്യര്‍ത്ഥനയാണ്, ഹോട്ടലില്‍ സിനിമകള്‍ മാത്രം കണ്ടാല്‍ പോരാ, മതപ്രഭാഷണങ്ങള്‍ കാണുക, സംസ്ഥാന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക,” സിംഗ് ട്വീറ്റ് ചെയ്തു.

ഒരു കുടുംബത്തെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതിനായി രാജ്യം മുഴുവന്‍ വില നല്‍കിയെന്നായിരുന്നു നേരത്തെ ഗാന്ധി കുടുംബത്തിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗജേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തത്.

അതേസമയം, ഗജേന്ദ്ര സിംഗിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിംഗ് ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നു.

രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് അശോക് ഗെലോട്ട് പറഞ്ഞിട്ടുണ്ട്. താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more