| Tuesday, 6th August 2024, 12:26 pm

ഇവിടെ ജനാധിപത്യമില്ല: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിൽ ലോക്സഭയിൽ പ്രതിഷേധവുമായി ശ്രീനഗർ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിൽ ലോക്സഭയിൽ പ്രതിഷേധവുമായി ശ്രീനഗർ എം.പി ആഗ സയ്യിദ് റൂഹുല്ല മൊഹ്‌ദിക്ക്. ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടി നേതാവാണ് അദ്ദേഹം.

തന്റെ ജങ്ങൾക്ക് ഈ രാജ്യത്ത് ജനാധിപത്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സഭയിൽ നിന്ന് തന്നെ നിരവധി വിമർശനങ്ങൾ ഉയർന്നു.

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയങ്ങൾക്കായുള്ള ഗ്രാന്റുകളെക്കുറിച്ച് ചർച്ച ചെയ്യവെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. മറ്റ് ഇന്ത്യൻ ജനവിഭാഗത്തെ പോലെ ജനാധിപത്യമോ തുല്യ അവകാശമോ ആസ്വദിക്കാനുള്ള ഭാഗ്യം ജമ്മു കശ്മീരിലുള്ള തന്റെ ജനങ്ങൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഇവിടെ ഓരോ അംഗവും ഫിഷറീസ് മന്ത്രാലയത്തിനുള്ള ഗ്രാന്റുകളെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ സാഹചര്യങ്ങൾ സാധാരണമാണ് അവർ ഈ രാജ്യത്തെ തുല്യ പൗരന്മാരാണ്. എന്നാൽ ഞങ്ങളോ ഞങ്ങളെ തുല്യപൗരന്മാരായി രാജ്യം കാണുന്നില്ല. ഗ്രാന്റുകളെക്കുറിച്ച് സംസാരിക്കാൻ ഞാനും ആഗ്രഹിച്ചു. എന്നാൽ ഓഗസ്റ്റ് അഞ്ചിന്, അഞ്ച് വർഷം മുമ്പ് എന്താണ് സംഭവിച്ചത്. ഒരു കറുത്ത ദിനം നിങ്ങൾ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു ,’ അദ്ദേഹം പറഞ്ഞു.

തുടർന്ന് സഭയിൽ നിന്ന് വലിയ തോതിൽ പ്രതിഷേധം ഉയർന്നു. അദ്ദേഹത്തിന്റെ ശബ്ദം സഭയിലെ ആരവത്തിൽ മുങ്ങി പോയെങ്കിലും അദ്ദേഹം വീണ്ടും തുടർന്ന് സംസാരിച്ചു.

‘ഞാൻ പറയുന്നത് കേൾക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. ഏകാധിപതികളെ പോലെ പെരുമാറാതിരിക്കുക. ഏകാധിപതികൾക്ക് കേൾക്കാൻ ഭയമാണ്. അഞ്ച് വർഷം മുമ്പ് ഈ സഭയിൽ ദ്രൗപതിയുടെ മാനം കവർന്നെടുത്ത രീതിയിൽ ജമ്മു കശ്മീരിൻ്റെ മാനം അപഹരിക്കപ്പെട്ടു. കൗരവരെപ്പോലെ അവരും ചിരിച്ചും രസിച്ചും കൊണ്ടിരുന്നു. ഈ ദിവസം, ജമ്മു കശ്മീരിലെ ജനസംഖ്യയും നേതൃത്വവും കൂട്ടിലടക്കപ്പെട്ടു, ഞങ്ങളുടെ അവകാശങ്ങളും പദവിയും കൂട്ടിലടക്കപ്പെട്ടു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ പ്രതിഷേധ പ്രസംഗം രേഖകളിൽ നിന്ന് നീക്കുമെന്ന് ചെയർമാനായ ബി.ജെ.പി എം.പി ജഗദാംബിക പാൽ പറഞ്ഞു.

അതോടൊപ്പം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും മെഹ്ദിയുടെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

‘പുരോഗതിയുടെ പുതിയ യുഗത്തിന് തുടക്കമിട്ട രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷം’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

Content Highlight: ‘Don’t Have Democracy’, Says Srinagar MP in Lok Sabha Five Years After Abrogation

We use cookies to give you the best possible experience. Learn more