ഇന്ത്യ നിരോധിച്ച സംഘടനകളിലുള്ളവരുമായി ചാനലുകൾ അഭിമുഖം നടത്തരുത്; കേന്ദ്രത്തിന്റെ സർക്കുലർ
national news
ഇന്ത്യ നിരോധിച്ച സംഘടനകളിലുള്ളവരുമായി ചാനലുകൾ അഭിമുഖം നടത്തരുത്; കേന്ദ്രത്തിന്റെ സർക്കുലർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 12:30 pm

ന്യൂദൽഹി: തീവ്രവാദ ബന്ധമുള്ള ആളുകളുമായി അഭിമുഖം നടത്തുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സർക്കുലർ പുറത്തിറക്കി.

ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ തീവ്രവാദം ആരോപിച്ച് ഇന്ത്യയുടെ വാണ്ടഡ് ലിസ്റ്റിലുള്ള ഗുരുപത്വന്ത് സിങ് പന്നു ഒരു ടെലിവിഷൻ ചാനലിൽ വന്നിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര വാർത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്. എന്നാൽ കാനഡയുടെയോ പന്നുവിന്റെയോ പേര് സർക്കുലറിൽ ഇല്ല.

‘തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കേസുകളുള്ള വിദേശ രാജ്യത്തിലെ വ്യക്തിയെ ഒരു ടെലിവിഷൻ ചാനലിന്റെ ചർച്ചക്ക് ക്ഷണിച്ചതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇയാൾ നടത്തിയ പ്രസ്താവനകൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും വിദേശ രാജ്യവുമായുള്ള സൗഹൃദത്തെയും ഹനിക്കുന്നതും രാജ്യത്തിലെ ക്രമസമാധാനം ചോദ്യം ചെയ്യാൻ കെല്പുള്ളതുമാണ്,’ സർക്കുലറിൽ പറയുന്നു.

‘തീവ്രവാദം നടത്തുന്ന, രാജ്യം നിരോധിച്ച സംഘടനകളിൽപെട്ട ആളുകളുടെ പ്രസ്താവനകളും അജണ്ടകളും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പരാമർശിക്കുന്നതിൽ നിന്നും ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) പ്രകാരവും സി.ടി.എൻ ആക്റ്റ്, 1995ലെ 20-ാം വകുപ്പിലെ ഉപ സെക്ഷൻ (2) പ്രകാരവുമാണ് ഉത്തരവ്.

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ തലവനാണ് ഖലിസ്ഥാൻ വാദിയായ ഗുർപത്വന്ത് സിങ് പന്നു. ഈ സംഘടനയെ 2019ൽ ഇന്ത്യ നിരോധിച്ചു. പന്നുവിനെ ഇന്ത്യയിൽ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Content Highlight: Don’t give platform to terrorists: Centre to TV channels amid Canada row