75 വര്‍ഷം മുമ്പാണ് ആര്‍.എസ്.എസുകാര്‍ അംബേദ്ക്കറുടെ കോലം കത്തിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1949 ഡിസംബര്‍ 12ന്. അംബേദ്ക്കര്‍ അവതരിപ്പിച്ച ഹിന്ദു കോഡ് കരട് ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ കോലം കത്തിച്ചത്.
1949 ഡിസംബര്‍ 12ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ആര്‍.എസ്.എസുകാര്‍ ഒത്തു കൂടി. അവര്‍ ശക്തമായി ഹിന്ദു കോഡ് ബില്ലിനെ അപലപിച്ചു. ഹിന്ദു സമൂഹത്തിന് മേല്‍ പതിയ്ക്കുന്ന ആറ്റംബോംബാണ് അംബേദ്ക്കര്‍ രൂപം കൊടുത്ത ഹിന്ദു കോഡ് ബില്‍ എന്നവര്‍ പറഞ്ഞു. അതിന് ശേഷമാണ്, അവര്‍ അംബേദ്ക്കറുടെ കോലം കത്തിച്ചത്.
എന്തായിരുന്നു അംബേദ്ക്കറുടെ ഹിന്ദു കോഡ് ബില്ലില്‍ ഉണ്ടായിരുന്നത്?പെണ്‍മക്കള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം ഉറപ്പു കൊടുക്കുന്നു, സ്ത്രീകള്‍ക്ക് സ്വത്തില്‍ സമ്പൂര്‍ണ്ണാധികാരം ഉറപ്പാക്കുന്നു, വിവിധ ജാതികള്‍ക്കിടയില്‍ കല്ല്യാണം നടത്താന്‍ അനുവാദം നല്‍കുന്നു, സ്ത്രീകള്‍ക്ക് വിവാഹ മോചനം നടത്താന്‍ കൂടുതല്‍ അധികാരം നല്‍കുന്നു,
ജാതിരഹിതമായി കല്ല്യാണങ്ങളെ നിയമപരമായി അംഗീകരിക്കാന്‍ അനുവാദം നല്‍കുന്നു. ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ക്രൂരമായിഅവഗണിക്കുകയോ ചെയ്താല്‍ ഭാര്യയ്ക്ക് അതിജീവന തുക നല്‍കാനുള്ള ബാധ്യത ഉറപ്പാക്കുന്നു. ഹിന്ദു സമൂഹത്തിലെ ബ്രാഹ്മണിക ആധിപത്യവും പുരുഷാധിപത്യവും ബില്‍ അഭിസംബോധന ചെയ്തുകൊണ്ട് അതിനെതിരെ നിലപാടുകള്‍ സമൂര്‍ത്ത നടപടികളായി എടുക്കുന്നു… ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.
ഈ ഹിന്ദു കോഡ് ബില്ലിനെതിരെ അംബേദ്ക്കറുടെ കോലം ആര്‍.എസ്.എസ് കത്തിച്ചപ്പോള്‍ കോണ്‍ഗ്രസിനകത്തുള്ള സംഘപരിവാരങ്ങള്‍ അദ്ദേഹത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചു. ഹിന്ദു കോഡ് ബില്‍ പാസ്സാകാതിരിക്കാന്‍ വേണ്ടിയാണ് അയോദ്ധ്യയില്‍ ബാബറി മസ്ജിദിനുള്ളില്‍ അന്ന് കോണ്‍ഗ്രസിലെ സംഘപരിവാരങ്ങള്‍ രാമവിഗ്രഹം വെച്ചത് എന്ന വാദം ഏറെക്കുറെ ശരിയാണെന്നാണ് കരുതാന്‍ കഴിയുക.
മേല്‍പ്പറഞ്ഞ തരത്തില്‍ ഹിന്ദുമതത്തിലെ ദളിതര്‍ക്ക്, അവര്‍ണ്ണര്‍ക്ക്, അധഃസ്ഥിതര്‍ക്ക്, സര്‍വ്വോപരി സകല ജാതികളിലുമുള്ള സ്ത്രീവിഭാഗങ്ങള്‍ക്ക് അങ്ങേയറ്റം പ്രയോജനകരവും പുരോഗമനപരവുമായ ബില്ലായിരുന്നു സംഘപരിവാരങ്ങള്‍ കോണ്‍ഗ്രസിന് അകത്തും പുറത്തുമായി പോരടിച്ച് ഇല്ലാതാക്കിയത്.
അന്ന് അംബേദ്ക്കര്‍ കൃത്യമായി ഒരു കാര്യം ചൂണ്ടിക്കാണിച്ചു. വര്‍ഗ്ഗവും വര്‍ഗ്ഗവും തമ്മില്‍, ആണും പെണ്ണും തമ്മില്‍ അസമത്വം നിലനിര്‍ത്തുന്ന മതമാണ് ഹിന്ദുമതം എന്നതിനാല്‍ ഇതിനെ കൈകാര്യം ചെയ്യാതെ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിഷേധിക്കുന്ന പ്രവൃത്തിയാണ് എന്ന്.
അതിന് ശേഷം അദ്ദേഹം പറഞ്ഞു, ഹിന്ദുമതത്തിലെ അസമത്വങ്ങളെ തൊടാതെ നടത്തുന്ന സാമ്പത്തിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചാണകക്കൂമ്പാരത്തിന് മുകളില്‍ കൊട്ടാരം പണിയുന്നതു പോലെയാണ് എന്ന്. ഇന്ന് ആര്‍.എസ്.എസും സംഘപരിവാരങ്ങളും ചാണകക്കൂമ്പാരത്തിന് മുകളില്‍ ഹിന്ദു രാഷ്ട്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എത്ര കൃത്യമായിട്ടാണെന്ന് അദ്ദേഹം അന്നു തന്നെ വിഭാവനം ചെയ്തതെന്ന് നോക്കൂ…!
content highlights: Don’t forget the RSS that burnt Ambedkar’s effigy; C.N. Jayarajan writes