| Monday, 27th February 2023, 10:58 pm

ഇനി മേലാൽ ഒരു വൈസ് ക്യാപ്റ്റനെ നിയമിച്ച് പോകരുത്; രോഹിത്തിനോടും ദ്രാവിഡിനോടും രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.

115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.

എന്നാൽ ടൂർണമെന്റിലും മുൻ മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന കെ.എൽ.രാഹുലിന്റെ ടീമിലെ സഹ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.


വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രാഹുൽ തുടർന്നുള്ള രണ്ട് ടെസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാലിപ്പോൾ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഒരാളെയും വൈസ് ക്യാപ്റ്റനാക്കരുതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയോടും പരിശീലകൻ രാഹുൽ ദ്രാവിഡിനോടും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി.

“ടീം മാനേജ്മെന്റ് രാഹുലിന്റെ പ്രകടനം ശ്രദ്ധയോടെ നോക്കിക്കാണുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം നല്ല ഫോമിലല്ല. അയാൾക്ക് കളിക്കാൻ നല്ല സ്പെയ്സ് കിട്ടുന്നുണ്ടോ എന്നുമെനിക്ക് അറിയില്ല. ഗില്ലിനെ രാഹുലിന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താവുന്നതേയുള്ളൂ.

ഇനിയൊരിക്കലും ഇന്ത്യൻ ടീം ഈ പരമ്പരയിൽ ഒരു വൈസ് ക്യാപ്റ്റനെ ഉൾപ്പെടുത്തരുതെന്നാണ് എന്റെ അഭിപ്രായം. ക്യാപ്റ്റന് മൈതാനം വിടേണ്ടി വന്നാൽ ഏതെങ്കിലും ഒരു താരത്തിന് അദ്ദേഹം പകരം ചുമതല നൽകട്ടെ,’ ശാസ്ത്രി പറഞ്ഞു.


അതേസമയം പരമ്പരയിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലൊന്നിൽ സമനില നേടാനായാൽ ടീം ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കാം.
പരമ്പര വിജയിച്ചാൽ മാത്രമേ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കൂ.

Content Highlights:Don’t ever appoint a vice-captain in indian team said Ravi Shastri

We use cookies to give you the best possible experience. Learn more