'ഒരു വൈറസിന്റെ പേരില്‍ ദൈവത്തെ തള്ളിപ്പറയരുത്, അവിശ്വാസികള്‍ മാത്രമേ നിങ്ങളെ അംഗീകരിക്കു'; വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി
Social Media
'ഒരു വൈറസിന്റെ പേരില്‍ ദൈവത്തെ തള്ളിപ്പറയരുത്, അവിശ്വാസികള്‍ മാത്രമേ നിങ്ങളെ അംഗീകരിക്കു'; വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th March 2020, 5:59 pm

ചെന്നൈ: നടന്‍ വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. കൊറോണ വൈറസ് സമയത്ത് മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യന് മാത്രമേ കഴിയുവെന്ന സേതുപതിയുടെ പ്രസംഗമാണ് ഗായത്രിയെ പ്രകോപിപ്പിച്ചത്.

ലേകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു വിജയ് സേതുപതിയുടെ പ്രസംഗം.
ദൈവത്തിന്റെ സംരക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്നവരെ വിശ്വസിക്കരുതെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

ഒരു വൈറസിന്റെ പേരില്‍ ദൈവത്തെ തള്ളിപ്പറയരുതെന്നും ഒരു അവിശ്വാസി മാത്രമേ സേതുപതിയുടെ പരാമര്‍ശം അംഗീകരിക്കുകയുള്ളുവെന്നുമായിരുന്നു ഗായത്രി പറഞ്ഞത്.

‘അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്കു ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അദ്ദേഹത്തിനെന്തും സംസാരിക്കാം. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്ത്ര്യവും. അദ്ദേഹം ഇത് പറഞ്ഞതുകൊണ്ട് നാളെ മുതല്‍ വിശ്വാസികളാരും ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനോ തള്ളിപ്പറയാനോ പോകുന്നില്ല. ഒരു അവിശ്വാസി മാത്രമേ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവികൊള്ളുകയുള്ളൂ. ഇവിടെ പല മതവിഭാഗങ്ങളില്‍പെട്ട ആളുകള്‍ ജീവിക്കുന്നുണ്ട്. ഒരു വൈറസിന്റെ പേരില്‍ ദൈവത്തെ തള്ളിപ്പറയരുത്. മതവിശ്വാസികളെ ആക്രമിക്കരുത്. നിരീശ്വരവാദം എന്ന അത്യപകടകരമായ വൈറസിനെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.’ എന്നാണ് ഗായത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ദൈവത്തെ രക്ഷിക്കാന്‍ വേണ്ടി ആരെയും ഇവിടേക്കു ജനിപ്പിച്ചു വിട്ടിട്ടുമില്ല. ദൈവം സ്വയം രക്ഷ നേടിക്കൊള്ളും. ദൈവത്തെ രക്ഷിക്കാന്‍ നടക്കുന്നവരെയൊന്നും വിശ്വസിക്കരുത്. ദൈവവും മനുഷ്യനും തമ്മിലെ ആവശ്യമില്ലാത്ത ഒരു കണ്ണിയാണ് മതം’ എന്നായിരുന്നു വിജയ് സേതുപതിയുടെ പരാമര്‍ശം.