വാഷിങ്ടണ്‍: ചൈനയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ചൈനക്കാരെ ഡേറ്റ് ചെയ്യുന്നതില്‍ നിന്ന് യു.എസ് ഭരണകൂടം വിലക്കിയതായി റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷാ അനുമതിയുള്ള മറ്റ് കരാറുകാരെയും ചൈനീസ് പൗരന്മാരുമായുള്ള പ്രണയ, ലൈംഗിക ബന്ധങ്ങളില്‍ നിന്ന് യു.എസ് വിലക്കിയതായാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ്ഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരിയില്‍ യു.എസ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞ നിക്കോളാസ് ബേണ്‍സാണ് ഇത്തരമൊരു നയം നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ മറ്റൊരു നിയന്ത്രണവും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ യു.എസ് വെച്ചിരുന്നു. യു.എസ് എംബസിയിലെയും അഞ്ച് കോണ്‍സുലേറ്റുകളിലെയും ജീവനക്കാര്‍ ചൈനീസ് ഗാര്‍ഡുകളുമായും മറ്റ് സഹായികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നത് വിലക്കുന്നതായിരുന്നു ആ തീരുമാനം.
നിര്‍ദേശത്തില്‍ ഡേറ്റിങ് ഏത് തരത്തിലാണ് നിര്‍വചിച്ചിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് എ.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പുതിയ തീരുമാനം ശീതയുദ്ധ കാലത്തെ സമീപനത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ തീരുമാനം ജീവനക്കാരോട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറിച്ച് അവരോട് വാക്കാലും ഇലക്ട്രോണിക് മെയില്‍ വഴിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ചൈനീസ് പൗരന്മാരുമായി ഈ തീരുമാനം വരുന്നതിന് മുമ്പെ തുടങ്ങിയ ബന്ധമാണെങ്കില്‍ അവലോകനം ചെയ്തതിന് ശേഷമെ ഇളവുകള്‍ നല്‍കുള്ളു. ഒരുപക്ഷെ ഇളവ് നിഷേധിക്കപ്പെട്ടാല്‍, അവര്‍ ബന്ധം അവസാനിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇനി ആരെങ്കിലും നിര്‍ദേശം ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചൈന വിട്ട് യു.എസിലേക്ക് മടങ്ങാന്‍ ഉത്തരവിടും.
നയതന്ത്ര രഹസ്യങ്ങള്‍ കൈക്കലാക്കാന്‍ ആകര്‍ഷകമായ സ്ത്രീകളെ ഉപയോഗിച്ച് ചൈന ഹണി ട്രാപ്പ് നടത്തുന്നതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ പലതവണ ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അവര്‍ ഹാജരാക്കിയിട്ടില്ല.
പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍, പ്രത്യേകിച്ച് യു.എസിലെയും യു.കെയിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍, നയതന്ത്ര ജീവനക്കാരും മറ്റ് രഹസ്യ ജോലിയുള്ള വ്യക്തികളും ചൈനീസ് പൗരന്മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സൂക്ഷിക്കണമെന്ന് വളരെക്കാലം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Don’t date Chinese people; US administration bans embassy officials in China from dating locals