ബി.ജെ.പിയെ യഥാര്‍ത്ഥ ഹിന്ദുക്കളായി കരുതിയിട്ടില്ല, ബി.ജെ.പിയെക്കാളും ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസ്; സാകിര്‍ നായിക്
India
ബി.ജെ.പിയെ യഥാര്‍ത്ഥ ഹിന്ദുക്കളായി കരുതിയിട്ടില്ല, ബി.ജെ.പിയെക്കാളും ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസ്; സാകിര്‍ നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 1:38 pm

ന്യൂദല്‍ഹി: ബി.ജെ.പിയെ ആചാരങ്ങള്‍ പാലിക്കുന്ന യഥാര്‍ത്ഥ ഹിന്ദു വിശ്വാസികളായി താന്‍ കാണുന്നില്ലെന്ന് സലഫി പ്രഭാഷകന്‍ സാകിര്‍ നായിക്. ബി.ജെ.പിയെക്കാള്‍ ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസ് ആണെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ നായിക് പറയുന്നു. ഭരണമാറ്റം സംഭവിച്ചാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുമെന്നും നായിക് പറഞ്ഞു.

‘ബി.ജെ.പിയെ ഞാന്‍ യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളായി കാണുന്നില്ല. ബി.ജെ.പിയെക്കാള്‍ ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസാണ്. മോദിക്ക് ഹിന്ദു വേദ ഗ്രന്ഥങ്ങള്‍ അറിയുമോ. തമ്മില്‍ ഒരു സംവാദമാവാം. ഹിന്ദുത്വത്തെ പറ്റി ചര്‍ച്ച ചെയ്യാം. വേദ ഗ്രന്ഥങ്ങള്‍ പറയുന്നത് കളവു പറയരുതെന്നും, വഞ്ചിക്കരുതെന്നുമാണ്. എന്നാല്‍ എന്തിനാണവര്‍ കള്ളം പറയുന്നത്’- ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നാല്‍ താന്‍ തിരിച്ച് ഇന്ത്യയിലേക്കില്ലെന്നും നായിക് പറഞ്ഞു.

‘ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും താരതമ്യം ചെയ്യുകയാണെങ്കില്‍, കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ കുറവ് ആപത്കരം മാത്രമാണെന്നും നായിക് പറയുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാവരും അവരുടെ മെച്ചത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് സത്യസന്ധരാണെങ്കില്‍ അവര്‍ ബാബരി മസ്ജിദ് ധ്വംസനം നടക്കുമായിരുന്നില്ല. ഇന്ന് കോണ്‍ഗ്രസിന് മുസ് ലിംങ്ങളോട് മൃദുസമീപനമാണെങ്കില്‍ അത് അവരുടെ നേട്ടത്തിനായി മാത്രമാണ്’- നായിക് പറയുന്നു.

‘എന്നാല്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ മുസ്‌ലിംങ്ങളുടെ കാര്യം ആലോചിച്ച് ഞാന്‍ ആശങ്കപ്പെടുന്നു. ഒന്നാമത്തെ ആശങ്ക അവര്‍ തീവ്ര വലതുപക്ഷവാദികളാണെന്നതാണ്. രണ്ടാമത്തേത് പണവും അധികാരവും ഉപയോഗിച്ചുള്ള അഴിമതിയാണ്’- നായിക് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ മുസ്‌ലിംങ്ങളുടെ കാര്യം ആലോചിച്ച് ഞാന്‍ ആശങ്കപ്പെടുന്നു. ഒന്നാമത്തെ ആശങ്ക അവര്‍ തീവ്ര വലതുപക്ഷവാദികളാണെന്നതാണ്. രണ്ടാമത്തേത് പണവും അധികാരവും ഉപയോഗിച്ചുള്ള അഴിമതിയാണ്. നായിക് പറയുന്നു.

കൂടാതെ, താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു പുലര്‍ത്തുന്നില്ലെന്നും നായിക് പറഞ്ഞു. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും, താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോദിയുടെ വാദം തെറ്റാണെന്നും നായിക് പറഞ്ഞു.

താന്‍ രാജീവ് ഗാന്ധി ചാരിറ്റബള്‍ ട്രസ്റ്റിന് ഐ.ആര്‍.എഫ് 50 ലക്ഷം നല്‍കിയെന്നും, എന്നാല്‍ വിശദീകരണം നല്‍കാതെ ട്രസ്റ്റ് ഈ പണം തങ്ങള്‍ക്ക് തിരിച്ചു നല്‍കുകയുമായിരുന്നെന്ന് നായിക് പറയുന്നു.

കോണ്‍ഗ്രസിന് കീഴില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് നല്‍കിയതിന്റെ അഞ്ചിരട്ടി താന്‍ ബി.ജെ.പിയുടെ അനുഭാവ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ തന്നെക്കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാറായിരുന്നു അധികാരത്തിലെന്നും, അതിനാല്‍ അവരെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചു വെച്ച് താന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് മാധ്യമങ്ങളെ ധരിപ്പിക്കുകയായിരുന്നെന്നും നായിക് കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര നടത്തിയ ചാവേറിന്റെ വീട്ടില്‍ സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതു കൊണ്ട് മാത്രം താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു നായികിന്റെ വാദം. നിരവധി പ്രധാനമന്ത്രിമാരും, രാഷ്ട്രപതികളും, രാഷ്ട്രീയ നേതാക്കളും തന്റെ പ്രഭാഷണങ്ങളുടെ ഡി.വി.ഡികള്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണെന്ന് അവകാശപ്പെട്ട നായിക്,  ഇത്തരത്തിലുള്ളവര്‍ക്ക് വളരാന്‍ താനാണ് പ്രചോദനം നല്‍കുന്നതെന്ന് എന്തു കൊണ്ട് പറയുന്നില്ലെന്നായിരുന്നു ഇതിനെ ന്യായീകരിച്ചു കൊണ്ട് ചോദിച്ചത്.