ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റന്‍ യാഷ് ധുള്ളിനെ അതിരുവിട്ട് താരതമ്യം ചെയ്യുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും അണ്ടര് 19 ബൗളിംഗ് കോച്ചുമായ സായിരാജ് ബഹുതുലെ. യാഷ് ധുള്ളിനെ ഒരിക്കലും വിരാട് കോഹ്‌ലിയ്‌ക്കൊപ്പമോ ധോണിക്കൊപ്പമോ താരതമ്യം ചെയ്യരുതെന്നും ബഹുതുലെ പറഞ്ഞു.
ഇംഗ്ലണ്ടിനെ തോല്‍പിച്ച് അഞ്ചാം തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയതോടെ നിരവധിയാളുകളാണ് യാഷ് ധുള്ളിനെ വിരാടിനും ധോണിക്കുമൊപ്പം ഉപമിച്ച് രംഗത്തെത്തിയിരുന്നത്. ഇതിനെതിരെയാണ് ബഹുതുലെ വിമര്‍ശനവുമായെത്തിയത്.
ന്യൂസ് 18നോടായിരുന്നു ബഹുതുലെയുടെ പ്രതികരണം.
‘അവനെ ഒരിക്കലും വിരാടുമായോ ധോണിയുമായോ താരതമ്യം ചെയ്യരുത്. അവന്‍ അവന്റെ വ്യക്തിത്വം തെളിയിക്കട്ടെ. അവന്‍ വളരെ നല്ലൊരു ബാറ്ററാണ്. മികച്ച രീതിയിലാണ് അവന്‍ ടീമിനെ നയിക്കുന്നതും. അവനെ സംബന്ധിച്ച് യഥാര്‍ത്ഥ യാത്ര തുടങ്ങാന്‍ പോകുന്നതേയുള്ളൂ,’ ബഹുതുലെ പറയുന്നു.
യാഷ് ധുള്‍ രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അവന്‍ തന്റെ പ്രതിഭ അവിടെയും തെളിയിക്കട്ടെ എന്നും ലോകകപ്പിലും എഷ്യാ കപ്പിലും ടീമിന്റെ ബൗളിംഗ് കോച്ചായ ബഹുതുലെ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഇന്ത്യയുടെ വണ്ടര്‍ ബോയ്‌സ് കൗമാരകിരീടത്തിന് അഞ്ചാം തവണയും അര്‍ഹരായത്. 44.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ യുതാരങ്ങളെ 189 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ വിജയകൊടുമുടിയിലേക്ക് നടന്നു കയറിയത്.
വൈസ് ക്യാപ്റ്റന്‍ ഷെയ്ക്ക് റഷീദിന്റെയും (50) നിഷാന്ത് സിന്ധുവിന്റെയും (50*) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി പേസര്‍മാരായ രാജ് ബാവ അഞ്ചും രവി കുമാര്‍ ന്‌ല് വിക്കറ്റും വീഴ്ത്തിയിരുന്നു.