സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. മികച്ച രീതിയില്‍ കളിക്കുന്ന ഒരു താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും സഞ്ജു ഒരു മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങള്‍ മറ്റാരെയെങ്കിലും കുറിച്ചായിരിക്കും സംസാരിക്കുകയെന്നുമാണ് കപില്‍ പറഞ്ഞത്.
‘മികച്ച രീതിയില്‍ കളിക്കുന്ന ഒരു താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണ്. സൂര്യയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുത്. അത് ശരിയല്ല. സഞ്ജു ഒരു മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങള്‍ മറ്റാരെയെങ്കിലും കുറിച്ച് സംസാരിക്കും. ടീം മാനേജ്‌മെന്റ് സൂര്യകുമാറിനെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ആളുകള്‍ അതിനെക്കുറിച്ച് പല അഭിപ്രായങ്ങളും പറയും പക്ഷേ ആത്യന്തികമായി തീരുമാനം മാനേജ്‌മെന്റിന്റേത് മാത്രമാണ്’ കപില്‍ പറഞ്ഞു.
സാധാരണയായി നാലാമനായാണ് സൂര്യ ബാറ്റിങ്ങിനിറങ്ങുന്നത്. എന്നാല്‍ ചെന്നൈയില്‍ താരം ഏഴാമനായിരുന്നു. ആ നീക്കം മത്സരത്തില്‍ തിരിച്ചടിയായി. എന്നാല്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് സംസാരിക്കുകയാണ് കപില്‍.
‘ഒരു മത്സരം കഴിഞ്ഞതിന് ശേഷം അതിനെപ്പറ്റി സംസാരിക്കുന്നത് വളരെ ഈസിയാണ്. ഒരു ഫിനിഷര്‍ എന്ന നിലയിലായിരിക്കും സൂര്യയെ ഏഴാം നമ്പറില്‍ ഇറക്കിയത്. ബാറ്റിങ് ഓര്‍ഡറുകളില്‍ ഇങ്ങനെ മാറ്റം വരുത്തുന്നത് ഏകദിന ക്രിക്കറ്റില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഇതിന് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബാറ്റിങ് ഓര്‍ഡറില്‍ ഇങ്ങനെ താഴേക്കിറങ്ങേണ്ടി വരുന്നത് ഒരുപക്ഷേ താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് തനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുമെന്ന് ക്യാപ്റ്റനോട് പറയേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണ്,’ കപില്‍ പറഞ്ഞു. എന്തെങ്കിലും പ്രത്യേക കാരണത്തിന്റെ പുറത്തായിരിക്കും ക്യാപ്റ്റനും കോച്ചും ആ തീരുമാനമെടുത്തതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ വന്‍ പരാജയമായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.
Content Highlights: “Don’t Compare Suryakumar Yadav with Sanju Samson”:Kapil Dev