നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടിയത്. അഞ്ചു മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ ടി-ട്വന്റി പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയുടെ ആക്രമണത്തില്‍ ഓസീസ് കീഴടങ്ങുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ റണ്‍ഔട്ടിലൂടെ ഗെയ്ക്വദിനെ നഷ്ടപ്പെട്ടപ്പോള്‍ ക്രീസില്‍ വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. 190.48 സ്ട്രൈക്ക് റേറ്റില്‍ നാല് സിക്സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെടെയാണ് 80 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം നടത്തി സൂര്യ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ഇതോടെ തന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ രണ്ട് വിജയമാണ് സ്‌കൈ നേടിയത്. രണ്ടാം മത്സരത്തില്‍ 10 പന്തില്‍ 19 റണ്‍സാണ് സ്‌കൈ നേടിയത്.
ഇതോടെ ടി-ട്വന്റി ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സൂര്യയെ ഇതിഹാസതാരങ്ങളായ എ.ബി.ഡി. വില്ല്യേഴ്‌സിന്റെയും ക്രിസ് ഗെയ്‌ലിന്റെയും ഹിറ്റിങ്ങിനോട് ഉപമിച്ചിരുന്നു. എന്നാല്‍ ഈ താരതമ്യം ചെയ്യല്‍ ക്രിസ് ഗെയില്‍ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.
‘ മറ്റൊരു ഗെയ്ല്‍ ഇനി ഉണ്ടാകില്ല, മറ്റൊരു സൂര്യയും ഇനി ഉണ്ടാകില്ല. അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ക്യാപ്റ്റന്‍ ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോഡുകള്‍ നേടുകയാണ് ഈ യുവ സ്റ്റാര്‍ ബാറ്റര്‍. കോളിങ് മണ്‍റോ, ഗ്ലെന്‍ മാക്സ് വെല്‍, ഡേവിഡ് വാര്‍ണര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ ടി-ട്വന്റിയില്‍ നേടിയ സിക്സറുകളെ മറികടന്നിരിക്കുകയാണ് സ്‌കൈ ഇപ്പോള്‍. 54 മത്സരങ്ങളില്‍ നിന്നും 108 സിക്സറുകളാണ് അദ്ദേഹം നേടിയെടുത്തത്.ഇതോടെ റെക്കോഡ് പട്ടികയില്‍ സൂര്യ 10ാമത് ആണ് ഉള്ളത്. 175 ബൗണ്ടറികളും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ട്. ഓസീസിനോടുള്ള മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു.
നവംബര്‍ 28ന് ബര്‍സാപരാ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlight: Don’t compare Chris Gayle with Suryakumar Yadav