ഒരേ തെറ്റ് ആവര്‍ത്തിച്ചാല്‍ അത് വിജയിക്കാന്‍ പോകുന്നില്ല; ഹിന്ദി പരാമര്‍ശത്തില്‍ തമിഴില്‍ അമിത് ഷായ്ക്ക് സ്റ്റാലിന്റെ മറുപടി
national news
ഒരേ തെറ്റ് ആവര്‍ത്തിച്ചാല്‍ അത് വിജയിക്കാന്‍ പോകുന്നില്ല; ഹിന്ദി പരാമര്‍ശത്തില്‍ തമിഴില്‍ അമിത് ഷായ്ക്ക് സ്റ്റാലിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 8:55 am

ചെന്നൈ: വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുതെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ഒരേ തെറ്റ് ബി.ജെ.പി ആവര്‍ത്തിക്കുകയാണെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു അമിത് ഷായെ ടാഗ് ചെയ്തുള്ള സ്റ്റാലിന്റെ ട്വീറ്റ്.

‘ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. പക്ഷേ അവര്‍ക്കിതില്‍ വിജയിക്കാനാകില്ല.

ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിത്. രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നത്,’ സ്റ്റാലിന്‍ ട്വിറ്ററിലൂടെ പറഞ്ഞു. #StopHindiImposition എന്ന ഹാഷ് ടാഗ് പങ്കുവെച്ചായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമെന്നും പരസ്പരം വികാരങ്ങളെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും സിദ്ധരാമയ്യ പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിര്‍ത്തിയതെന്നും അത് ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിര്‍ക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു

പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷായുടെ വിവാദ പരാമര്‍ശം.

‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.

ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.

ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി സംസാരിച്ചു.