ഫോട്ടോ എടുക്കരുത്, ഇതെല്ലാം കണ്ട് ആസ്വദിക്കൂവെന്ന് അവര്‍ പറഞ്ഞു; ജീവന്‍ ലഭിച്ചത് ഹിന്ദുവായതുകൊണ്ട് മാത്രം; കലാപഭൂമിയിലെ അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക
ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപഭൂമിയില്‍ താന്‍ നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് സി.എന്‍.എന്‍ ന്യൂസ് 18 മാധ്യമ പ്രവര്‍ത്തക രജ്ഞുന്‍ ശര്‍മ. കലാപത്തിന്റെ ഫോട്ടോകള്‍ എടുത്തുനില്‍ക്കാതെ ഇതെല്ലാം കണ്ട് ആസ്വദിക്കൂ എന്നായിരുന്നു അക്രമികള്‍ തന്നോട് പറഞ്ഞതെന്നും ഹിന്ദുക്കള്‍ ആയതുകൊണ്ട് മാത്രമാണ് ജീവനോടെ തങ്ങളെ വിട്ടയച്ചതെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.
‘ഞാന്‍ ഒരു സിനിമ കാണുകയാണെന്നാണ് എനിക്ക് തോന്നിയത്. ഭയപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചുറ്റും. വാളുകളും ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ആളുകളെ മര്‍ദ്ദിച്ചു മുന്നേറുന്ന ചിലര്‍. അവരില്‍ പലരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. എല്ലാവരും ജയ് ശ്രീരാം എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.
അവര്‍ ഓരോ വീടുകളിലായി കയറുന്നത് കണ്ടു. വീട്ടില്‍ നിന്നും വലിയ ശബ്ദങ്ങള്‍ പുറത്തേക്ക് വരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ ജനാലകള്‍ക്കുള്ളില്‍ നിന്നും തീയും പുകയും പുറത്തേക്ക് വരുന്നത് കാണാം.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഖസൂരി ഖാസ് പ്രദേശത്ത് മറ്റ് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പമായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. ഒരു അഴുക്കുചാലിന് മുകളിലായാണ് ഞങ്ങള്‍ നിന്നത്.
അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചിത്രീകരിക്കാനോ റെക്കോര്‍ഡുചെയ്യാനോ ഞങ്ങളെ അനുവദിച്ചില്ല. നിങ്ങളുടെ ഫോണുകള്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ പാടില്ലെന്നും ഈ കാഴ്ചളെല്ലാം കണ്ടാസ്വദിക്കൂ എന്നുമായിരുന്നു അക്രമി സംഘം ഞങ്ങളോട് പറഞ്ഞത്.
കല്ലുകളെടുത്ത് എറിയുകയും ആസിഡുകള്‍ റോഡില്‍ ഒഴിക്കുകയും ചെയ്തിരുന്നു അവര്‍. മതപുസ്തകവും അവര്‍ കത്തിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ അങ്ങോട്ട് അടുക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. ആകാശത്തെ പുതപ്പിക്കുന്ന രീതിയില്‍ കറുത്ത പുക അകലെ നിന്ന് പോലും ദൃശ്യമായിരുന്നു.
ഞാന്‍ നിശ്ചലമായി നില്‍ക്കുകയായിരുന്നു. പല വീടുകളും കെട്ടിടങ്ങളും നിലംപൊത്തുന്നത് നിസ്സഹായതയോടെ കണ്ട് നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. ഇവിടേക്ക് എത്തിനോക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. കിലോമീറ്ററുകള്‍ അകലെ നിന്ന് എല്ലാം നോക്കിക്കാണുകയായിരുന്നു അവര്‍. എന്തുകൊണ്ടായിരിക്കും അവര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പൊലീസിനും ലഭിക്കില്ലേയെന്ന് എനിക്ക് അപ്പോള്‍ തോന്നിയിരുന്നു.
വീടുകള്‍ കത്തിച്ചശേഷം അക്രമി സംഘം ആഹ്ലാദത്തോടെ മുന്നോട്ടുനീങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇതിനിടെ ഞങ്ങളെ ഒരൊറ്റ ഫോട്ടോ എടുക്കാന്‍ മാത്രം അവര്‍ അനുവദിച്ചു.
ഇവിടെ നിന്നും ഞങ്ങള്‍ ഓള്‍ഡ് മൗജ്പൂരിന് മുന്നിലായുള്ള ഒരു സ്ഥലത്തെത്തി. അവിടെ 144 പ്രഖ്യാപിച്ചിട്ടും അക്രമിസംഘം അവിടെയും നിലയുറപ്പിച്ചിരുന്നു. മൗജ്പൂരിന് അടുത്തുള്ള മീറ്റ് നഗറില്‍ ഒരു പള്ളി കത്തിക്കൊണ്ടിരിക്കുന്നു. മുന്നൂറിലധികം വരുന്ന ആളുകള്‍ ആ പള്ളി പൊളിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിയുടെ ഓരോ ഇഷ്ടികയായി അവര്‍ പൊളിച്ചുനീക്കുന്നു.
എന്‍.ഡി.ടിവിയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരായ സൗരഭ് ശുക്ല, അരവിന്ദ് ഗുണശേഖര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്.
ഞങ്ങള്‍ ഞങ്ങളുടെ കാറുകള്‍ അവിടെ നിര്‍ത്തി. ഇതൊരു പ്രധാന റോഡായിരുന്നില്ല. അവിടെ വെച്ച് പൊലീസ് ബൈക്കില്‍ നെറ്റിയില്‍ സിന്ദൂരം തൊട്ട ചിലര്‍ വരുന്നത് കണ്ടു. ആയുധങ്ങളുമായി വരുന്ന അക്രമികള്‍ക്ക് അവര്‍ ലിഫ്റ്റ് കൊടുക്കുന്നുണ്ടായിരുന്നു. ഇത് അരവിന്ദ് ഗുണശേഖര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഫോണ്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ഉള്‍വശത്തെ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു.
മിനിറ്റുകള്‍ക്കകം ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ആയുധധാരികളായ 50 ഓളം ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പ് അവര്‍ അരവിന്ദിനെ ആക്രമിക്കാന്‍ തുടങ്ങി. കൂടുതല്‍ ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു.
സൗരഭ് ശുക്ലയും ഞാനും കൈകള്‍ കൂപ്പി അവരോട് അപേക്ഷിച്ചു, ഞങ്ങള്‍ മൂന്നുപേരെയും വിട്ടയക്കണമെന്ന് കാല് പിടിച്ചുപറഞ്ഞു. ഞങ്ങളോട് ക്ഷമിക്കൂ. ഞങ്ങള്‍ ചെയ്തത് തെറ്റാണ്. മാധ്യമപ്രവര്‍ത്തകരാണ് ഞങ്ങള്‍. ഞങ്ങള്‍ ഇക്കാര്യം ആവര്‍ത്തിച്ച് അവരോട് ഇത് പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. അരവിന്ദിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അവന്റെ ഫോണ്‍ പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന ഓരോ ഫോട്ടോയും വീഡിയോയും അവര്‍ ഡിലീറ്റ് ചെയ്തു. അതിനുശേഷം അവര്‍ അവനെ വിട്ടയച്ചു. അവന്റെ വായില്‍ നിന്നും ദേഹത്തുനിന്നും രക്തം വരുന്നുണ്ടായിരുന്നു.
എങ്ങനെയൊക്കെയോ അരവിന്ദും ഞാനും ഏതാനും മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഞങ്ങളുടെ കാറുകളില്‍ എത്തിയപ്പോഴാണ് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സൗരഭ് ശുക്ലയെ അക്രമികള്‍ പിടികൂടിയെന്ന് മനസിലായത്. അദ്ദേഹത്തേയും അവര്‍ മര്‍ദ്ദിച്ചു. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഫോട്ടോകളും വീഡിയോകളും എല്ലാം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഫോണ്‍ തീയില്‍ എറിയുമെന്നായി അക്രമികള്‍. ഇതോടെ അവന്‍ ഫോണില്‍ ഉണ്ടായിരുന്നതെല്ലാം ഡിലീറ്റ് ചെയ്തു. ഇതിനിടെ അവര്‍ എനിക്ക് നേരെ തിരഞ്ഞു. എന്റെ കൈവശമുള്ള ഫോണ്‍ അവര്‍ ആവശ്യപ്പെട്ടു. അത് കാറിലാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഉപദ്രവിക്കരുതെന്ന് അവരോട് കരഞ്ഞു പറഞ്ഞു.
ഞങ്ങള്‍ ആരെല്ലാമാണെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഐഡന്റിന്റി കാര്‍ഡ് കാണിച്ചുകൊടുത്തു. എന്റെ പേരിനൊപ്പമുള്ള ശര്‍മ എന്ന പേര് അവരില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു.
സൗരഭ് ശുക്ലയുടെ കഴുത്തിലുണ്ടായിരുന്നു രുദ്രാക്ഷ മാല ചിലര്‍ പുറത്തെടുത്തു നോക്കി. ഞങ്ങള്‍ ‘അവരില്‍പെട്ട’ ആളാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. ഏറെ സമയത്തിന് ശേഷം ഞങ്ങളുടെ മതം അവര്‍ക്ക് ബോധ്യപ്പെട്ട ശേഷം അവര്‍ ഞങ്ങള വിട്ടയക്കാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ കൈകൂപ്പി മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ഒരു ആവശ്യം കൂടി പറഞ്ഞു. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിക്കാനായിരുന്നു അത്”, രഞ്ജുന്‍ ശര്‍മ കുറിച്ചു.