ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയടക്കി, അത് മറച്ചുവെയ്ക്കുന്നത് രാജ്യദ്രോഹമാണ്; ഇതിന്റെ പേരില്‍ രാഷ്ട്രീയഭാവി നശിച്ചാലും സഹിക്കാന്‍ തയ്യാറാണ്: രാഹുല്‍ ഗാന്ധി
national news
ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയടക്കി, അത് മറച്ചുവെയ്ക്കുന്നത് രാജ്യദ്രോഹമാണ്; ഇതിന്റെ പേരില്‍ രാഷ്ട്രീയഭാവി നശിച്ചാലും സഹിക്കാന്‍ തയ്യാറാണ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 11:45 am

ന്യൂദല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. അത് മറച്ചുവെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ല’- രാഹുല്‍ പറഞ്ഞു.

 

‘ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ് താന്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ സംഘര്‍ഷത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. മുന്‍ പട്ടാള മേധാവികളോട് ഇതേപ്പറ്റി സംസാരിച്ചു.

ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയടക്കിയിട്ടില്ലെന്ന് ഞാന്‍ നുണപറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ എന്റെ ഭാവി നശിച്ചാലും ശരി, ഞാന്‍ ഇക്കാര്യത്തില്‍ കള്ളം പറയില്ല’- അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ചൈനീസ് സാന്നിദ്ധ്യമില്ലെന്ന് നുണ പറയുന്നവര്‍ ശരിക്കും രാജ്യദ്രോഹികളാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യത്തില്‍ ഞാന്‍ നുണ പറയില്ല- അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തേയും അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം ഇമേജ് കെട്ടിപ്പടുക്കാനുള്ള തിരക്കിലാണ് രാജ്യത്തെ പ്രധാന മന്ത്രിയെന്നും രാജ്യത്തെ എല്ലാ ഭരണ സ്ഥാപനങ്ങള്‍ക്കും ഇതേ ജോലി അദ്ദേഹം നല്‍കിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ