| Wednesday, 1st December 2021, 3:29 pm

ഇനി മുതല്‍ 'തല' എന്ന് വിളിക്കരുത്; ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥനയുമായി അജിത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ തല എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ ‘വാലിമൈ’ക്ക് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

എന്നാല്‍ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അജിത്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.

ഇനി മുതല്‍ ‘അജിത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അജിത്തിനെ തല എന്നാണ് ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്.

നടന്‍ വിജയ്‌യെ ദളപതിയെന്നും അജിത്തിനെ തലയെന്നും ആരാധകര്‍ വിളിക്കുകയും തല – ദളപതി ഫാന്‍ ഫൈറ്റ് സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തിരുന്നു. നേരത്തെ തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു.

അജിത് നായകനായ വാലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്.

എച്ച് വിനോദാണ് വാലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വാലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Don’t call me ‘Thala’ anymore; Actor Ajith Kumar with a request to the fans and the media

Latest Stories

We use cookies to give you the best possible experience. Learn more