മുംബൈ: താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ പറഞ്ഞു.
ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി.
” ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, ദേശീയവാദികളായവര്‍ ക്ക് വേണ്ടി ഞാന്‍ പ്രചാരണം നടത്തും,” അവര്‍ പറഞ്ഞു.
ശ്രീകൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥാനം ജനങ്ങള്‍ക്ക് കാണാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കങ്കണ റണാവത്ത് പറഞ്ഞു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്ത് ഒരു ഈദ് ഗാഹ് ഉണ്ടെന്നും കങ്കണ അവകാശപ്പെട്ടു.
തന്റെ പ്രസ്താവനകള്‍ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആളുകള്‍ അവകാശപ്പെടുന്ന അതേസമയത്ത് താന്‍ പറയുന്നത് ശരിയാണെന്ന് സത്യസന്ധരും ധീരരും ദേശീയവാദികളുമായ രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് അറിയാമെന്നും കങ്കണ റണാവത്ത് പറഞ്ഞു.
പഞ്ചാബില്‍ തന്റെ കാര്‍ കര്‍ഷകര്‍ തടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഞാന്‍ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല,’ എന്നാണ് കങ്കണ പ്രതികരിച്ചത്.
കര്‍ഷക പ്രതിഷേധത്തെ നിരന്തരം ആക്ഷേപിച്ച് കങ്കണ നിരവധി തവണ രംഗത്തെത്തിയിരുന്നു.
ഹിമാചല്‍ പ്രദേശില്‍ നിന്ന് കാറില്‍ പഞ്ചാബിലെത്തിയ താരത്തിന്റെ കാര്‍ സ്ത്രീകളടക്കമുള്ള കര്‍ഷക സംഘം തടയുകയായിരുന്നു.
കര്‍ഷക സമരങ്ങളെ ഖാലിസ്ഥാനി പ്രസ്ഥാനവുമായി താരതമ്യപ്പെടുത്തി കങ്കണ വിവിധ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കങ്കണയുടെ വാഹനം തടഞ്ഞത്.
Content Highlights: Don’t Belong To Any Party, Will Campaign For Nationalists: Kangana Ranaut