| Monday, 18th September 2017, 9:29 pm

സോഷ്യല്‍മീഡിയകളിലൂടെയുള്ള സന്ദേശങ്ങള്‍ പരിശോധിക്കാതെ അയച്ചു കൊടുക്കരുത്; രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:സോഷ്യല്‍മീഡിയയിലൂടെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ നല്‍കി സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യവിരുദ്ധ ശക്തികള്‍ നിരന്തരം ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന ഇത്തരം വാര്‍ത്തകള്‍ പരിശോധിക്കാതെ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളും ഭൂട്ടാനുമായുള്ള ഇന്ത്യയുടെ അതിര്‍ത്തികളില്‍ സശസ്ത്ര സീമ ബല്ലിന്റെ (എസ്.എസ്.ബി) പുതിയ ഇന്റലിജന്റസ് വിഭാഗത്തെ നിയമിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും തെറ്റായതോ അടിസ്ഥാനമില്ലാത്തതോ ആയ വാര്‍ത്തകള്‍, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പതിവായി പ്രചരിപ്പിക്കുകയാണ്. പലരും അത് സത്യമെന്ന് കരുതുന്നു. ഇത്തരം സന്ദേശങ്ങള്‍ വിശ്വാസത്തിലെടുക്കാനോ പ്രചരിപ്പിക്കാനോ എസ്.എസ്.ബി ജവാന്മാര്‍ തയാറാകരുത്. അദ്ദേഹം പറഞ്ഞു.


Also read റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു


ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ 1751 കിലോമീറ്റര്‍ പ്രദേശത്തും ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ 699 കിലോമീറ്ററിലും സംരക്ഷണമൊരുക്കുന്നത് സശസ്ത്ര സീമ ബലിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാന്‍ 650 ഫീല്‍ഡ് ജീവനക്കാരും സ്റ്റാഫ് ഏജന്റുമാരും എസ്.എസ്.ബിയില്‍ ഉണ്ടായിരിക്കും.

വിസയല്ലാത്തതിനാല്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ നിരന്തരം കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കാറുണ്ട്. ഇത് പ്രധാന വെല്ലുവിളിയാണെന്നും ഇത് മറികടക്കാനാണ് എസ്.എസ്.ബി ആരംഭിച്ചതെന്നും ഉന്നത ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പാകിസ്താന്‍ അധിനിവേശ കശ്മീരിലെ 230 ലധികം കശ്മീര്‍ തീവ്രവാദികള്‍ 2010 മുതല്‍ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ കടന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more