|

തുല്യതയെ കുറിച്ച് പറയുമ്പോള്‍ പ്രകോപിതരാകേണ്ട; മതനേതാക്കള്‍ക്ക് എം.വി ഗോവിന്ദന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീ പുരുഷ തുല്യതയെ എതിര്‍ത്ത മതനേതാക്കള്‍ക്ക് മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തുല്യത വേണമെന്ന മുദ്രാവാക്യം സമ്മതിച്ച് കൊടുക്കാന്‍ തയ്യാറാവാത്ത ആളുകളെ, അവരെ എന്താണ് വിളിക്കേണ്ടതെന്ന് താന്‍ പറയുന്നില്ലെന്നും ഇക്കാര്യത്തില്‍ ഒരു സമുദായത്തെയും ഒരു വ്യക്തിയെയും ഉദ്ദേശിക്കുന്നില്ലെന്നും ആ സമൂഹത്തെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സ്ത്രീ പുരുഷ തുല്യതയ്ക്ക് വേണ്ടിയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയും മതനിരപേക്ഷ ഉള്ളടക്കത്തോടെയും സമൂഹത്തെ കാണാന്‍ 1789ല്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ സ്ഥിതിയിലേക്ക് പോലും എത്താന്‍ സമൂഹത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും നേരത്തെ എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നതിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക്സെവന്‍ പഠിപ്പിക്കുന്നതെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു.

അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു.

വ്യായാമം മത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും മതത്തിനെതിരായ ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു.

Content Highlight: Don’t be offended when you talk about equality; MV Govindan’s reply to religious leaders