ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി.സെന്‍ട്രല്‍ ദല്‍ഹിയിലെ നിര്‍മ്മാണ്‍ ഭവനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കൊപ്പമാണ് പ്രിയങ്ക വോട്ട ചെയ്യാനെത്തിയത്. എല്ലാവരും വോട്ട് ചെയ്യണമെന്നും മടി കാണിക്കരുതെന്നും പ്രിയങ്ക പറഞ്ഞു.
‘എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. അത്യന്തം പ്രധാനപ്പെട്ടതാണ്. ആരു മടി കാണിക്കരുത്.’ പ്രിയങ്ക വോട്ടര്‍മാരോട് പറഞ്ഞു.
ന്യൂദല്‍ഹി മണ്ഡലം ഔറംഗസേബ് റോഡ് 81ാം പോളിംഗ് ബൂത്തിലെത്തിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്.
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.
ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ദല്‍ഹിയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലാണ്.