| Saturday, 4th March 2023, 10:41 pm

ഇനിയൊരു സ്റ്റാന്‍ സ്വാമിയായി ഒടുങ്ങരുത്, മഅദനിക്ക് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്: നജീബ് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നജീബ് കാന്തപുരം എം.എല്‍.എ. മഅദനിയുടെ ശബ്ദ സന്ദേശം കേട്ട് വേദന തോന്നിയെന്നും ഇനിയൊരു സ്റ്റാന്‍ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം അദ്ദേഹത്തോട് കനിവ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നജീബ് മഅദനിയെ കുറിച്ചുള്ള ആശങ്കകള്‍ പങ്ക് വെച്ചത്.

ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂ നല്‍കാതെ മരിച്ചവര്‍ക്ക് പുഷ്പചക്രം നല്‍കുന്നവരായി മലയാളികള്‍ മാറിക്കൂടാ എന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂട ചെയ്തികള്‍ക്കൊടുവില്‍ ആരോഗ്യം നശിച്ച മഅദനിക്ക് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടര്‍ച്ചയായി സ്ട്രോക്ക് episodes ഉണ്ടായി കൊണ്ടിരിക്കുകയാണെന്നും അങ്ങേയറ്റം നിസഹായവസ്ഥ തോന്നിപ്പോയ പലനിമിഷങ്ങളിലൂടെയും കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയെന്നും സലാഹുദ്ദീന്‍ അറിയിച്ചു. ഒരു രോഗത്തിനുള്ള ചികിത്സക്ക് തടസ്സമായി മറ്റ് രോഗാവസ്ഥകള്‍ നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അബ്ദുല്‍ നാസര്‍ മഅദനിയുടെ ദുര്‍ബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടത്.
വളരെ മുമ്പെ, ശബ്ദ ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേല്‍ ദുര്‍ബലമായത് ഭരണ കൂട ഭീകരതയുടെ പല്ലും നഖവും ഏല്‍ക്കേണ്ടി വന്ന നിസ്സഹായതയില്‍ നിന്നാണ്.

അബ്ദുല്‍ നാസര്‍ മഅദനി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകള്‍ക്കപ്പുറം ഇനിയൊരു സ്റ്റാന്‍ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം.

മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികള്‍ക്കൊടുവില്‍ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂ നല്‍കാതെ മരിച്ചവര്‍ക്ക് പുഷ്പചക്രം നല്‍കുന്നവരായി മലയാളികള്‍ മാറിക്കൂടാ.

മഅദനി വേദനയുടെ ഒരു കടല്‍ കുടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാന്‍ വിട്ട് കൊടുക്കരുത്.

content highlight: Don’t be another Stan Swamy, collective political intervention needed for Madani: Najeeb Kanthapuram

We use cookies to give you the best possible experience. Learn more