| Monday, 15th April 2024, 10:39 am

ഇറാനെ ഇപ്പോള്‍ തിരിച്ചടിക്കേണ്ട, സമയം ആകുമ്പോള്‍ ശക്തമായ മറുപടി നല്‍കും; ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: ഇറാനെ ഇപ്പോള്‍ തിരിച്ചടിക്കേണ്ടെന്ന് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് തീരുമാനിച്ചു. സമയമാകുമ്പോള്‍ ശക്തമായ മറുപടി നൽകുമെന്നാണ് ഇസ്രഈല്‍ പ്രതികരിച്ചത്. യുദ്ധ വ്യാപനത്തിന് ശ്രമിക്കരുതെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരിച്ചടിച്ചാല്‍ ഭയാനകമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഇറാന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മണിക്കൂറോളമാണ് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് അവരുടെ യോഗം തുടര്‍ന്നത്. ഇറാനെ തിരിച്ചടിക്കണോ എന്നത് മാത്രമാണ് കാബിനറ്റില്‍ ചര്‍ച്ചയായത്.

യോഗത്തില്‍ ഒരു വിഭാഗം ഇസ്രഈലിന് ഉടന്‍ തന്നെ ശക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തിരിച്ചടിക്കാതിരുന്നാല്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നാണ് അവര്‍ വാദിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കേണ്ടതില്ലെന്നും സമയമാകുമ്പോള്‍ ശക്തമായ മറുപടി നല്‍കാമെന്നുമാണ് കാബിനറ്റ് തീരുമാനം എടുത്തത്.

രാജ്യത്തിനകത്ത് പോലും ഇസ്രഈലിന്റെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കൂടെയാണ് തത്ക്കാലം ഇറാനെ ആക്രമിക്കേണ്ടതില്ലെന്ന് ഇസ്രഈല്‍ തീരുമാനിച്ചത്. ആവശ്യമായ സമയത്ത് ഇറാന് ശക്തമായ മറുപടി നല്‍കുമെന്നാണ് ഇസ്രഈലിലെ പ്രധാന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, ഗസയില്‍ വീണ്ടും കരയുദ്ധം വ്യാപിപ്പിക്കാനാണ് ഇസ്രഈലിന്റെ തീരുമാനം. ശനിയാഴ്ചയാണ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമായി ഇറാന്‍ ഇസ്രഈലിനെ ആക്രമിച്ചത്.

185 ഡ്രോണുകളും, 146 മിസൈലുകളുമാണ് അഞ്ച് മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രഈല്‍ സ്ഥിരീകരിച്ചു.

Content Highlight: Don’t attack Iran now, it will respond strongly when the time comes; Israel

We use cookies to give you the best possible experience. Learn more