അമൃത്സര്‍: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും കോണ്‍ഗ്രസ് നേതാവും എം.പിയുമായ പര്‍താപ് സിങ് ബജ്‌വയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പര്‍താപ് സിങും പ്രവര്‍ത്തകരും പഞ്ചാബ് ഡി.ജി.പി ദിങ്കര്‍ ഗുപ്തയ്ക്ക് അയച്ച കത്തിന്റെ പേരിലാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ‘നാണംകെട്ട കത്ത്’ എന്നാണ് അമരീന്ദര്‍ സിങ് കത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
തനിക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിക്കാനുള്ള തീരുമാനമാണ് പര്‍താപ് സിങിനെ ചൊടിപ്പിച്ചിരിക്കുന്നത്. പക്ഷാപാതപരമായ നടപടിയാണ് തനിക്കെതിരെ സ്വീകരിച്ചിരിക്കുന്നതെന്നാണ് പര്‍താപ് സിങിന്റെ പരാതി.
എന്നാല്‍ പര്‍താപ് സിങിന് സുരക്ഷ ഏര്‍പ്പെടുത്തന്നത് സംബന്ധിച്ച കാര്യത്തില്‍ താനാണ് തീരുമാനം എടുക്കേണ്ടതെന്നാണ് അമരീന്ദര്‍ സിങ് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ് ഡി.ജി.പിയെ അക്രമിക്കേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തന്നോട് പറഞ്ഞാല്‍ മതിയെന്നും അമരീന്ദര്‍ പറഞ്ഞു.
” താങ്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഞാനാണ്. എന്റെ ഡി.ജി.പിയെ അക്രമിക്കുന്നതിന് പകരം എനിക്ക് നേരിട്ടെഴുതു, അല്ലെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിക്കൂ” അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഭീഷണികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ് സര്‍ക്കാര്‍ ബജ്വയുടെ സുരക്ഷ പിന്‍വലിച്ചത്. 1980ലാണ് ഭീകരപ്രവര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജ്‌വയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ ബജ്‌വയ്ക്കുള്ളതുകൊണ്ടാണ് നടപടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ബജ്വയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയത്.
അതേസമയം, രാജസ്ഥാന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ ഉടലെടുത്തത് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചാബിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് ഇത്തവണ ബജ്‌വയ്ക്കും അമരീന്ദര്‍ സിങിനുമിടയില്‍ പ്രശ്‌നത്തിന് തുടക്കം കുറിച്ചത്.
വിഷമദ്യ ദുരന്തത്തില്‍ പഞ്ചാബിലെ മൂന്ന് ജില്ലകളിലായി 98 പേര്‍ മരിച്ചിരുന്നു.വിഷയത്തില്‍ ആശങ്കകള്‍ വ്യക്തമാക്കി ബജ്വ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ പരാമര്‍ശങ്ങള്‍ അമരീന്ദര്‍ സിങ് നിരസിക്കുകയായിരുന്നു.
ബജ്വയും അമരീന്ദര്‍ സിങും തമ്മിലുള്ള പിണക്കങ്ങള്‍ക്ക് കുറച്ച് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബജ്വയെ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി നിയമിക്കുന്നതിനെതിരെ അമരീന്ദര്‍ സിങ് തിരിഞ്ഞിരുന്നു. തുടര്‍ന്ന് 2016ല്‍ പാര്‍ട്ടി ഇതിന് പകരമായി ബജ്വയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കി.