ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമേക്കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി.
‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ഇതാണ് പുതിയ വിദ്യാഭ്യാസ ബുള്ളറ്റിന്‍. ഒരു ബി.ജെ.പി എം.എല്‍.എ നിങ്ങളെ ആക്രമിക്കുകയാണെങ്കില്‍ നിങ്ങളത് ചോദ്യം ചെയ്യാന്‍ പാടില്ല.’ എന്നായിരുന്നു രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.
ഇന്നലെ റായ്ബറേലിയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും യുവതിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. അപകടത്തിന് പിന്നാലെ കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.
അതിനിടെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നെന്നും ആക്ഷേപമുണ്ട്.
കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.