| Friday, 19th April 2019, 9:09 am

പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, കേസ് നടന്നു കൊണ്ടിരിക്കുകയാണ്; കോടതിയോട് മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രജ്ഞ സിങ്ങ് താക്കൂറിനെ ഭോപാലില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയില്‍.

വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്‍റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്‌പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘പ്രജ്ഞ സിങ്ങിനെതിരെ എന്‍.ഐ.എയ്ക്ക് ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ബോംബ് സ്ഥോടനത്തിന് ഇരയായവരുടെ കുടുംബത്തെ ആഴത്തില്‍ വേദനിപ്പിച്ച ഇപ്പോഴത്തെ സംഭവം കോടതിയെ ബോധിപ്പിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്ന്’ നിസാര്‍ പറയുന്നു. നേരത്തെ പ്രജ്ഞയുടെ ജാമ്യാപേക്ഷയ്‌ക്കെതിരേയും നിസാര്‍ കോടതിയെ സമീപിച്ചിരുന്നു.

എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. തനിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും പ്രജ്ഞ സിങ്ങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കനത്ത വെയിലിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൂര്‍ണ ആരോഗ്യം  പ്രഗ്യാ സിങ്ങിനുണ്ടെന്നും, അവര്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നെന്നും നിസാര്‍ കോടിയോട് പറഞ്ഞു.

പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി തീരുമാനം കടുത്ത വിമര്‍ശനത്തിനിരയായിരുന്നു. ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്നയാളെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ടാണ് പ്രജ്ഞ സിങ്ങിന് ജാമ്യം കിട്ടിയതെന്നും, എന്നാല്‍ ജയിലില്‍ കിടക്കാന്‍ ആരോഗ്യമില്ലാത്ത പ്രജ്ഞ സിങ്ങിന് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്നും ഉമര്‍ അബ്ദുള്ള ചോദിച്ചിരുന്നു. ബി.ജെ.പിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഉമര്‍ പറഞ്ഞിരുന്നു

തന്റെ പാര്‍ട്ടി ഇത്തരം ഒരു തീരുമാനം എടുത്താലുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നായിരുന്നു പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ചത്.

‘ഞാനൊരു തീവ്രവാദ ആരോപിതനായ വ്യക്തിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന രോഷം സങ്കല്‍പ്പിച്ച് നോക്കൂ. മെഹബൂബ ടെററി സ്റ്റ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡാക്കി ചാനലുകള്‍ക്ക് സമനില തെറ്റുമായിരുന്നു. ഈ മനുഷ്യര്‍ക്ക് കാവി മതഭ്രാന്തന്മാരുടെ കാര്യം വരുമ്പോള്‍ ഭീകരതയ്ക്ക് മതമില്ലാതാകും. അല്ലാത്ത സമയത്തെല്ലാം എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളാണ്. നിരപരാധിയാണെന്ന് തെളിയും വരെ തെറ്റുകാരാണ്’ എന്നായിരുന്നു മെഹബൂബ പറഞ്ഞത്.

2008 ല്‍ നടന്ന മലേഗാവ് സ്ഫോടനത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more