തിരുവനന്തപുരം: കേരളീയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തെ വ്യാപാര, വ്യവസായ മേഖലകളിലേക്ക് ഉയര്‍ത്താനുള്ള തുറന്ന പരിപാടിയാണ് കേരളീയമെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരളീയത്തിന്റെ പ്രാധാന്യം മനസിലാക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക മേഖല വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെന്നും 50 ശതമാനത്തോളം നികുതി കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് നല്‍കേണ്ട 45 ശതമാനം നികുതി രണ്ട് വര്‍ഷങ്ങളായി 29 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് സംസ്ഥാനം നേരിടുന്ന ഒരു ഭീഷണിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നും തന്നെ ഈ പ്രതിസന്ധി നേരിടുന്നില്ലെന്നും കേരളത്തിനെ കേന്ദ്രസര്‍ക്കാര്‍ തഴയുന്നതാണെന്നും ബാലഗോപാല്‍ പറഞ്ഞു. നികുതി വെട്ടിക്കുറക്കുന്നത്ത് സാമ്പത്തികമായി വെല്ലുവിളി നേരിടുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വ്യവസായം കുറവാണെന്ന് പറയുന്നുണ്ടെങ്കിലും ടൂറിസം, സുഗന്ധദ്രവ്യം, രക്ത ബാഗുകള്‍, ദന്തല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ കേരളം വളരെ മുന്നിലാണെന്നും ബാലഗോപാല്‍ വ്യക്തമാക്കി. കൂടാതെ ശാസ്ത്ര മേഖലയിലും കേരളം കൈയൊപ്പ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുമേഖല-കോര്‍പറേഷന്‍ സ്ഥാപനങ്ങളുടെ ബാധ്യതകളും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും, പരിഹാരത്തിനായി ആസ്തികള്‍ വില്‍ക്കണം എന്ന രീതിയിലുള്ള ഉപദേശങ്ങള്‍ വരുന്നുണ്ടെങ്കിലും അവയൊന്നും ചെവികൊള്ളുന്നില്ലെന്നും ബാലഗോപാല്‍ സൂചിപ്പിച്ചു. നാല് മാസമായി മുടങ്ങി കിടക്കുന്ന ക്രിസ്മസ് ആവുന്നതിന് മുന്നേ ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.