വെനസ്വല: കഴിഞ്ഞയാഴ്ച ലെബനനില്‍ ആശയവിനിമയ ഉപകരണങ്ങളില്‍ ഉണ്ടായ മാരകമായ സ്‌ഫോടന പരമ്പരക്ക് പിന്നാലെ സര്‍ക്കാര്‍ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ.
ക്രിസ്മസ് സമ്മാനമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വീകരിക്കരുതെന്നാണ് നിക്കോളാസ് മഡൂറോ പറഞ്ഞത്. ദേശീയ ടെലിവിഷനിലൂടെയാണ് മഡൂറോ ഇക്കാര്യം അറിയിച്ചത്.
‘ഇലക്ട്രോണിക് സമ്മാനങ്ങള്‍ സ്വീകരിക്കരുത്. ടെലി ഫോണുകള്‍, സെല്‍ഫോണുകള്‍ എന്നിവ എല്ലാവരും ശ്രദ്ധിക്കണം. ലെബനനില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ കണ്ടു, എല്ലാവരും ജാഗ്രത പാലിക്കണം. കരകൗശല വസ്തുക്കളും പുസ്തകങ്ങളും പരമ്പരാഗത വെനസ്വലന്‍ ഉത്പന്നങ്ങളായ കോഫി, റം എന്നിവ ഇതിന് പകരമായി നല്‍കും,’ നിക്കോളാസ് മഡൂറോ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ലെബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രഈല്‍ രഹസ്യന്വേഷണ വിഭാഗമായ മൊസാദാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് വെനസ്വലയുടെ പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും നിക്കോളാസ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ ഇലക്ടറല്‍ കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് 52 ശതമാനം വോട്ടുകള്‍ക്കായിരുന്നു മഡൂറോ വിജയിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മഡൂറോ കൃത്രിമത്വം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിക്കോളാസിന്റെ വിജയം അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് യു.എസും യൂറോപ്യന്‍ യൂണിയനും മറ്റു നിരവധി രാജ്യങ്ങളും ചേര്‍ന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ എഡ്മുണ്ടോ ഗോണ്‍സാലസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Don’t accept electronic devices as Christmas presents: Venezuelan President Nicolas Maduro