| Monday, 26th February 2024, 10:12 pm

ആദ്യം നെറ്റ്ഫ്ലിക്സിൽ എടുത്ത മലയാള സിനിമ; മലയാളികളാരും കണ്ടില്ല: ഡോൺ പാലത്തറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത ആദ്യ മലയാള സിനിമകളിൽ ഒന്നായിരുന്നു താൻ സംവിധാനം ചെയ്ത ശവമെന്ന് ഡോൺ പാലത്തറ. കേരളത്തിലെ ഒ.ടി.ടിയുടെ ആദ്യഘട്ടമായിരുന്നു അതെന്നും പക്ഷെ അന്ന് മലയാളികൾ നെറ്റ്ഫ്ലിക്സിൽ കുറവായിരുന്നെന്നും ഡോൺ പറഞ്ഞു.

അധികമാരും തന്റെ സിനിമ കണ്ടിരുന്നില്ലെന്നും പിന്നീട് വേറെ ഒരു കാരണം കൊണ്ട് സിനിമ ചർച്ചയായപ്പോൾ ആളുകൾ അന്വേഷിച്ച് കണ്ടെന്നും ഡോൺ കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിന്റെ കാലത്ത് തിയേറ്ററുകൾ ഇല്ലാത്തതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കുന്ന സമയത്ത് രണ്ട് സിനിമ ചെയ്‌തെന്നും ഡോൺ പറയുന്നുണ്ട്. ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നെറ്റ്ഫ്ലിക്സ് ആദ്യം എടുത്ത മലയാള സിനിമകളിൽ ഒന്നായിരുന്നു ശവം. കേരളത്തിലെ ഒ.ടി.ടിയുടെ ആദ്യഘട്ടമായിരുന്നു അത്. പക്ഷേ അന്ന് മലയാളികൾ നെറ്റ്ഫ്ലിക്സിൽ കുറവായിരുന്നു. അധികമാരും സിനിമ കണ്ടില്ല. പിന്നീട് വേറെ ഒരു കാരണം കൊണ്ട് സിനിമ ചർച്ചയായപ്പോൾ ആളുകൾ അന്വേഷിച്ചു കണ്ടു. ഒ.ടി.ടി കാലഘട്ടത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയ ആളല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. ലോക്ക്ഡൗണിന്റെ കാലത്ത് തിയേറ്ററുകൾ ഇല്ല. വീട്ടിൽ തന്നെ ഇരിക്കുന്ന സമയത്ത് രണ്ട് സിനിമ ചെയ്തു,’ഡോൺ പാലത്തറ പറഞ്ഞു.

തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമകളെക്കുറിച്ചും ഡോൺ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചില സിനിമകൾ കണ്ടിട്ട് അവരെന്താ ചെയ്തു വെച്ചിട്ടുള്ളത് എന്ന് തോന്നില്ലേ, അങ്ങനെ തോന്നാത്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ ഒരു ഉൽപ്പന്നം മാത്രമല്ല. അത് കാണികളിലേക്ക് എങ്ങനെയെങ്കിലും എത്തിക്കുക എന്നതിലല്ലേ കാര്യം.

20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്. വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല. നന്നായി ആലോചിച്ച് സിനിമ ചെയ്യണം. ഗൗരവത്തോടെ സിനിമ കാണുന്നവർക്കും ഈ മീഡിയയോട് സ്നേഹമുള്ളവർക്കും സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന സിനിമകൾ ചെയ്യണം,’ ഡോൺ പാലത്തറ പറഞ്ഞു.

Content Highlight: Don palathara about his shavam movie

We use cookies to give you the best possible experience. Learn more