ഇനി ഇങ്ങനെയുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം; സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്: ഡോൺ പാലത്തറ
Film News
ഇനി ഇങ്ങനെയുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം; സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്: ഡോൺ പാലത്തറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th February 2024, 5:35 pm

തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡോൺ പാലത്തറ. തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചില സിനിമകൾ കണ്ടിട്ട് എന്താ ചെയ്ത് വെച്ചിട്ടുള്ളത് എന്ന് തോന്നിക്കാത്ത സിനിമകൾ ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോൺ പറഞ്ഞു.

സിനിമ ഒരു ഉത്പന്നം മാത്രമല്ലെന്നും 20 -25 വർഷം കഴിഞ്ഞിട്ടും ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുതെന്നും ഡോൺ കൂട്ടിച്ചേർത്തു. ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചില സിനിമകൾ കണ്ടിട്ട് അവരെന്താ ചെയ്തു വെച്ചിട്ടുള്ളത് എന്ന് തോന്നില്ലേ, അങ്ങനെ തോന്നാത്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ ഒരു ഉത്പന്നം മാത്രമല്ല. അത് കാണികളിലേക്ക് എങ്ങനെയെങ്കിലും എത്തിക്കുക എന്നതിലല്ലേ കാര്യം.

20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്. വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല. നന്നായി ആലോചിച്ച് സിനിമ ചെയ്യണം. ഗൗരവത്തോടെ സിനിമ കാണുന്നവർക്കും ഈ മീഡിയയോട് സ്നേഹമുള്ളവർക്കും സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന സിനിമകൾ ചെയ്യണം,’ ഡോൺ പാലത്തറ പറഞ്ഞു.

വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാമിലി. ഒരു കുടുംബത്തില്‍ കപടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം. മലയാള സിനിമയില്‍ കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കുറിച്ച് മികച്ച സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഈ അതിക്രമങ്ങളെ തുറന്നുകാട്ടുന്ന സിനിമകള്‍ വളരെ കുറവാണ്.

അവിടെയാണ് മലയാള സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായ ഡോണ്‍ പാലത്തറ തന്റെ ഫാമിലിയെന്ന സിനിമയുമായെത്തുന്നത്. ഫാമിലിയെന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് കുടുംബമെന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനെ തുറന്ന് കാട്ടുകയാണ്. ഫെബ്രുവരി 23നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.

Content Highlight: Don palathara about his desire movies