| Sunday, 17th November 2019, 12:51 pm

ഡോണ്‍ പാലത്തറയുടെ '1956, മധ്യതിരുവിതാംകൂര്‍' ഗോവന്‍ ചലച്ചിത്രമേളയിലേക്ക്; പ്രദര്‍ശനം നവംബര്‍ 22 ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തുന്ന ഫിലിംബസാറില്‍ വ്യൂവിങ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലേക്ക് ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ‘1956, മധ്യതിരുവിതാംകൂര്‍’ തെരഞ്ഞെടുക്കപ്പെട്ടു.

22 ഫീമെയില്‍ കോട്ടയം, ഡാ തടിയ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഈ മാസം 22 ന് ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കും. ബുസാനില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഡോണിന്റെ മുന്‍ ചിത്രങ്ങളായ വിത്ത്, ശവം എന്നിവയെ പോലെ ഈ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരു പറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ നിന്നും വന്ന ഓനന്‍, കോര എന്നീ സഹോദരങ്ങളും എതാനും പരിചയക്കാരും കാട്ടുപോത്തിനെ വേട്ടയാടാന്‍ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകള്‍ തമ്മില്‍ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ വ്യത്യസ്ത ചലച്ചിത്രാനുഭവമായിരിക്കും.

ഇടുക്കിയിലെയും തമിഴ്‌നാട്ടിലെയും കാടുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആര്‍ട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി,കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവാസി മലയാളി ആയ അലക്‌സ് ജോസഫ് ആണ് 1956, മധ്യതിരുവിതാംകൂറിന്റെ ക്യാമറ. മായാനദിയുടെ ഛായാഗ്രാഹകന്‍ ആയിരുന്ന ജയേഷ് മോഹന്‍ അസോസിയേറ്റ് ക്യാമറാമാനാണ്.

പൂര്‍ണമായും ലൊക്കേഷന്‍ സൗണ്ട് ഉപേയാഗിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ സൗണ്ട് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് സന്ദീപ് മാധവും ജിജി ജോസഫും ആണ്. ഡോണ്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം ബേസില്‍ സി.ജെ.

ഡോണിന്റെ മുന്‍ ചിത്രങ്ങളായ വിത്ത് , ശവം എന്നിവ നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു. വിത്ത് കൊളറാഡോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more