ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തുന്ന ഫിലിംബസാറില്‍ വ്യൂവിങ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലേക്ക് ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ‘1956, മധ്യതിരുവിതാംകൂര്‍’ തെരഞ്ഞെടുക്കപ്പെട്ടു.
22 ഫീമെയില്‍ കോട്ടയം, ഡാ തടിയ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഈ മാസം 22 ന് ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കും. ബുസാനില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഡോണിന്റെ മുന്‍ ചിത്രങ്ങളായ വിത്ത്, ശവം എന്നിവയെ പോലെ ഈ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരു പറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ നിന്നും വന്ന ഓനന്‍, കോര എന്നീ സഹോദരങ്ങളും എതാനും പരിചയക്കാരും കാട്ടുപോത്തിനെ വേട്ടയാടാന്‍ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകള്‍ തമ്മില്‍ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ വ്യത്യസ്ത ചലച്ചിത്രാനുഭവമായിരിക്കും.
പ്രവാസി മലയാളി ആയ അലക്‌സ് ജോസഫ് ആണ് 1956, മധ്യതിരുവിതാംകൂറിന്റെ ക്യാമറ. മായാനദിയുടെ ഛായാഗ്രാഹകന്‍ ആയിരുന്ന ജയേഷ് മോഹന്‍ അസോസിയേറ്റ് ക്യാമറാമാനാണ്.
പൂര്‍ണമായും ലൊക്കേഷന്‍ സൗണ്ട് ഉപേയാഗിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ സൗണ്ട് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് സന്ദീപ് മാധവും ജിജി ജോസഫും ആണ്. ഡോണ്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം ബേസില്‍ സി.ജെ.
ഡോണിന്റെ മുന്‍ ചിത്രങ്ങളായ വിത്ത് , ശവം എന്നിവ നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു. വിത്ത് കൊളറാഡോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.