ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ സിനിമകളും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. കൊറിയന്‍ സിനിമകള്‍ കാണുന്ന സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാ ഡോങ്-സിയോക്ക്. ‘ദി ഫ്‌ളൂ’, ‘ട്രെയിന്‍ ടു ബൂസാന്‍’, ദ റൗണ്ടപ്പ് ഫിലിം സീരീസിലെ ‘ഔട്ട്‌ലോസ്’, ‘ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍’ എന്നീ സിനിമകളിലൂടെ ലോകസിനിമാ ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് അദ്ദേഹം.
സഹനടനായി സിനിമയിലേക്ക് വന്ന് ആക്ഷനിലൂടെ ലോകത്താകമാനം ആരാധകരെയുണ്ടാക്കിയെടുത്ത താരം ഡോണ്‍ ലീ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളികളായ ആരാധകര്‍ കൊറിയന്‍ ലാലേട്ടന്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഡോണ്‍ ലീ ഒരു ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അനിമല്‍, അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. തെന്നിന്ത്യന്‍ താരം പ്രഭാസും സന്ദീപ് റെഡ്ഡിയും ഒന്നിച്ച് വരുന്ന സ്പിരിറ്റ് എന്ന സിനിമയുടെ വാര്‍ത്തകള്‍ മുമ്പ് തന്നെ പുറത്തു വന്നിരുന്നു. അതേസമയം, ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റു താരങ്ങളെ കുറിച്ചോ കഥയെ കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സ്പിരിറ്റ് സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഡോണ്‍ ലീയെ സമീപിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകര്‍. പാന്‍ ഇന്ത്യനായി എത്തുന്ന സ്പിരിറ്റ് ഡോണ്‍ ലീ എത്തിയാല്‍ ഒരു പാന്‍ ഏഷ്യന്‍ ചിത്രമാകും എന്നാണ് പലരും എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത്. അതേസമയം, ഇത് വെറുമൊരു ഫേക്ക് ന്യൂസാണെന്ന് ചിലര്‍ പറയുന്നു.
സിനിമയില്‍ ഡോണ്‍ ലീയെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാനില്‍ ഡോണ്‍ ലീ ഉണ്ടാകുമെന്ന തരത്തിലും മുമ്പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.