| Friday, 22nd March 2024, 11:39 am

ഡോണ്‍ ലീയുടെ ഹെവി ആക്ഷന്‍ ചിത്രമെത്തുന്നു; ആരാധകരെ ത്രില്ലടിപ്പിക്കുന്ന സ്റ്റില്ലുകള്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട സൗത്ത് കൊറിയന്‍ താരമാണ് മാ ഡോങ്-സിയോക്ക്. സഹനടനായി സിനിമയിലേക്ക് വന്ന് ആക്ഷനിലൂടെ ലോകത്താകമാനം ആരാധകരെയുണ്ടാക്കിയെടുത്ത മാ ഡോങ്-സിയോക്ക് ഡോണ്‍ ലീ എന്ന പേരിലാണ് അറിയപ്പെടുന്നത്.

‘ദി ഫ്‌ളൂ’, ‘ട്രെയിന്‍ ടു ബൂസാന്‍’, ദ റൗണ്ടപ്പ് ഫിലിം സീരീസിലെ ‘ഔട്ട്‌ലോസ്’, ‘ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍’ എന്നീ സിനിമകളിലൂടെയാണ് ഡോണ്‍ ലീ ലോകസിനിമാ ആരാധകരുടെ ശ്രദ്ധനേടിയത്. ഡോണ്‍ ലീയുടെ ഏറെ ആരാധകരുള്ള ക്രൈം ആക്ഷന്‍ ഫിലിം സീരീസാണ് ദി റൗണ്ടപ്പ്.

കൊടും കുറ്റവാളികളെ വേട്ടയാടുന്ന ഡിറ്റക്ടീവ് മാ സിയോക്-ഡോ എന്ന കഥാപാത്രമായാണ് ഡോണ്‍ ലീ ഈ ചിത്രത്തില്‍ എത്തുന്നത്. ദി റൗണ്ടപ്പിന്റെ ആദ്യ ഭാഗമായ ‘ദ ഔട്ട്ലോസ്’ 2017ല്‍ ആയിരുന്നു പുറത്തുവന്നത്. രണ്ടാം ഭാഗമായ ‘ദ റൗണ്ടപ്പ്’ 2022ലും മൂന്നാം ഭാഗമായ ‘ദ റൗണ്ടപ്പ്: നോ വേ ഔട്ട്’ 2023ലും ആയിരുന്നു റിലീസിനെത്തിയത്.

2023ല്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു ‘റൗണ്ടപ്പ്: നോ വേ ഔട്ട്’. ചിത്രത്തിന്റെ നാലാം ഭാഗമായ ‘ദ റൗണ്ടപ്പ്: പണിഷ്മെന്റ്’ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന 74ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അതിന്റെ വേള്‍ഡ് പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ബെര്‍ലിനേല്‍ സ്‌പെഷ്യല്‍ ഗാല’ വിഭാഗത്തിലായിരുന്നു പ്രദര്‍ശനം.

ഡോണ്‍ ലീയുടെ സിനിമയുടെ ഓരോ അപ്‌ഡേഷനും വേണ്ടി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്കായി അണിയറപ്രവര്‍ത്തകര്‍ ദ റൗണ്ടപ്പ്: പണിഷ്മെന്റിന്റെ സ്റ്റില്ലുകള്‍ പുറത്തുവിട്ടു. സിനിമ കാണാന്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള സ്റ്റില്ലുകളാണ് ഇവ.

മുമ്പ് ഒരു അഭിമുഖത്തില്‍ ഡോണ്‍ ലീ ഈ സിനിമയുടെ നാലാം ഭാഗം മുമ്പത്തെ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് തുറന്നു പറഞ്ഞിരുന്നു. മുമ്പത്തെ ഭാഗങ്ങള്‍ ലൈറ്റായ വേഗത്തിലുള്ള ആക്ഷനാണ് കാണിച്ചതെങ്കില്‍ ഇത്തവണ ഹെവി ആക്ഷനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ചിത്രം ഏപ്രില്‍ 24നാണ് റിലീസിനെത്തുന്നത്.

കൂടുതല്‍ സ്റ്റില്ലുകള്‍:

Content Highlight: Don Lee’s The Roundup Punishment Movie Stils Out

We use cookies to give you the best possible experience. Learn more