ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ മറ്റ് സിനിമകളും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. കൊറിയന്‍ സിനിമകള്‍ കാണുന്ന സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാ ഡോങ്-സിയോക്ക്.
‘ദി ഫ്ളൂ’, ‘ട്രെയിന്‍ ടു ബൂസാന്‍’, ദ റൗണ്ടപ്പ് ഫിലിം സീരീസിലെ ‘ഔട്ട്ലോസ്’, ‘ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍’ എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം ലോകസിനിമാ ആരാധകരുടെ ശ്രദ്ധനേടിയത്.
സഹനടനായി സിനിമയിലേക്ക് വന്ന് ആക്ഷനിലൂടെ ലോകത്താകമാനം ആരാധകരെയുണ്ടാക്കിയെടുത്ത താരം ഡോണ്‍ ലീ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോണ്‍ ലീയുടെ ഏറെ ആരാധകരുള്ള ക്രൈം ആക്ഷന്‍ ഫിലിം സീരീസാണ് ദി റൗണ്ടപ്പ്.
ദി റൗണ്ടപ്പിന്റെ ആദ്യ ഭാഗമായ ‘ദ ഔട്ട്‌ലോസ്’ 2017ല്‍ ആയിരുന്നു പുറത്തുവന്നത്. രണ്ടാം ഭാഗമായ ‘ദ റൗണ്ടപ്പ്’ 2022ലും മൂന്നാം ഭാഗമായ ‘ദ റൗണ്ടപ്പ്: നോ വേ ഔട്ട്’ 2023ലും ആയിരുന്നു റിലീസിനെത്തിയത്. 2023ല്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു ‘റൗണ്ടപ്പ്: നോ വേ ഔട്ട്’.
കൊടും കുറ്റവാളികളെ വേട്ടയാടുന്ന ഡിറ്റക്ടീവ് മാ സിയോക്-ഡോ എന്ന കഥാപാത്രമായാണ് ഡോണ്‍ ലീ ഈ ചിത്രത്തില്‍ എത്തുന്നത്. ദി റൗണ്ടപ്പ് ഫിലിം സീരീസിന്റെ നാലാം ഭാഗം ‘ദ റൗണ്ടപ്പ്: പണിഷ്‌മെന്റ്’ ഏപ്രില്‍ 24നായിരുന്നു റിലീസിനെത്തിയത്.
ചിത്രം ഇപ്പോള്‍ കൊറിയന്‍ ബോക്‌സ് ഓഫീസില്‍ അനവധി റെക്കോഡുകളാണ് സൃഷ്ടിക്കുന്നത്. രണ്ട് മില്യണ്‍ ആളുകള്‍ കണ്ട സിനിമയെന്ന റെക്കോഡ് സ്വന്തമാക്കിയ ചിത്രം മണിക്കൂറുകള്‍ക്കകമാണ് കൊറിയന്‍ ബോക്‌സ് ഓഫീസില്‍ മൂന്ന് മില്യണ്‍ ആളുകള്‍ കണ്ട സിനിമയെന്ന റെക്കോഡും മറികടന്നത്.
‘ദ റൗണ്ടപ്പ്: പണിഷ്‌മെന്റ്’ റിലീസ് ചെയ്ത് നാലാം ദിവസം ഏപ്രില്‍ 28ന് ചിത്രം മൊത്തം 3,205,209 ആളുകളിലേക്ക് എത്തിയതായി കൊറിയന്‍ ഫിലിം കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. നാല് ദിവസം കൊണ്ട് ചിത്രം 3 മില്യണില്‍ അധികം ആളുകളായിരുന്നു കണ്ടത്.
ഏപ്രില്‍ 27ന് ‘ദ റൗണ്ടപ്പ്: പണിഷ്‌മെന്റ്’ കണ്ടത് 1,219,040 ആളുകളായിരുന്നു. അന്ന് ഈ ഫിലിം സീരീസിലെ ഒരു സിനിമ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന ഏകദിന റെക്കോഡായി ഇത് മാറിയിരുന്നു. ‘ദ റൗണ്ടപ്പ്: നോ വേ ഔട്ട്’ 2023 ജൂണ്‍ മൂന്നിന് നേടിയ റെക്കോഡായിരുന്നു ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന ഏകദിന റെക്കോഡ്.
Content Highlight: Don Lee’s The Round Up; No Way Out Movie Hit New Record In Korean Box Office