| Wednesday, 4th December 2024, 11:31 am

ഇത് ചരിത്രം; 77 വര്‍ഷം പഴക്കമുള്ള തൊപ്പിയ്ക്ക് 2.63 കോടി രൂപ! ബ്രാഡ്മാന്റെ 'ബാഗി ഗ്രീന്‍' 10 മിനിറ്റിനുള്ളില്‍ ലേലത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ 1947-48 ലെ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ‘ബാഗി ഗ്രീന്‍’ ടെസ്റ്റ് ക്യാപ്പ് 390,000 ഡോളറിന് (2.14 കോടി രൂപ) വിറ്റു.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെ ബ്രാഡ്മാന്‍ ധരിച്ചിരുന്ന ‘ബാഗി ഗ്രീന്‍’ തൊപ്പിക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. 1947-48 പരമ്പരയിലെ ബ്രാഡ്മാന്റെ പ്രകടനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണ്.

ഓസ്ട്രേലിയ 4-0ന് വിജയിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ സ്വന്തം മണ്ണിലെ തന്റെ അവസാന ടെസ്റ്റില്‍, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വെറും ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 178.75 എന്ന ശരാശരിയില്‍ 715 റണ്‍സ് നേടി. അതില്‍ മൂന്ന് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ടൂര്‍ മാനേജരായ പങ്കജ് ‘പീറ്റര്‍’ കുമാര്‍ ഗുപ്തയ്ക്ക് ബ്രാഡ്മാന്‍ സമ്മാനമായി അന്ന് ടെസ്റ്റില്‍ ധരിച്ച തൊപ്പി നല്‍കിയതായി ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് ഈ തൊപ്പി മൂല്യമുള്ള പുരാവസ്തുവായി പ്രഖ്യാപിച്ചിരുന്നു. 2010 മുതല്‍ അത് ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ജന്മനാടായ ബൗറലില്‍ സ്ഥിതി ചെയ്യുന്ന ബ്രാഡ് മ്യൂസിയത്തിലേക്ക് കൊണ്ടു വന്നിരുന്നു.

പിന്നീടാണ് ലേലം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ലേലം വെറും 10 മിനിറ്റ് മാത്രമെ നീണ്ടു നിന്നുള്ളൂ. വിലമതിക്കാനാവാത്ത ക്രിക്കറ്റിലെ ബ്രാഡ്മാന്‍ ക്യാപ്പിനായി പലരും പോരടിച്ചു.

തൊപ്പി 390,000 ഡോളര്‍ നേടി. ഇത് ഇതുവരെ വിറ്റുപോയ ക്രിക്കറ്റ് അവശേഷിപ്പുകളിലെ ഏറ്റവും വിലയേറിയ ഒന്നായി ചരിത്രത്തില്‍ ഇടം പിടിച്ചു.

ദ റിയല്‍ ഡോണ്‍ ബ്രാഡ്മാന്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഡൊണാള്‍ഡ് ബ്രാഡ്മാന്‍.

ബ്രാഡ്മാന്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റും ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലും മാത്രമെ കളിച്ചിട്ടുള്ളൂ. അക്കാലത്ത് ക്രിക്കറ്റില്‍ എകദിന ശൈലി തുടങ്ങിയിരുന്നില്ല.

ഇതുവരെ കളിച്ച 52 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 13 അര്‍ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉള്‍പ്പെടെ 6996 റണ്‍സ് ബ്രാഡ്മാന്‍ നേടി.

തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ ബ്രാഡ്മാന് കഴിഞ്ഞിട്ടുണ്ട്.

‘ഡോണ്‍’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഡോണ്‍ ബ്രാഡ്മാന്‍ ക്രിക്കറ്റ് ലോകത്ത് തന്റേതായ മുദ്രകള്‍ പതിപ്പിച്ചാണ് 2001-ല്‍ 92-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞത്.

Content Highlight:  Don Bradman’s iconic baggy green fetches INR 2.63 crore at auction

Latest Stories

We use cookies to give you the best possible experience. Learn more